വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്തിന്റെ 'ജീവജ്യോതി'

കോഴിക്കോട്: സാമ്പത്തിക പരാധീനത മൂലം ശസ്ത്രക്രിയ നടത്താനാവാതെ ഡയാലിസിസിലൂടെ ജീവിതം മുന്നോട്ട് നീക്കുന്ന വൃക്കരോഗികള്‍ക്ക് സൗജന്യ വൃക്ക മാറ്റ ശസ്ത്രക്രിയാ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. 2012 മുതല്‍ ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റിയാണ് ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ 'ജീവജ്യോതി 'എന്ന പേരില്‍ സൗജന്യമായി വൃക്ക മാറ്റ ശസ്ത്രക്രിയ നടത്തുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.
പദ്ധതിയുടെ ഔപചാരികമായ ഉദ് ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നവംബര്‍ അവസാനവാരം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരമൊരു ബൃഹത്തായ ജീവകാരുണ്യ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത്.
കോഴിക്കോട് ജില്ലക്കാരായ സാമ്പത്തിക ശേഷി കുറഞ്ഞവരും മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഗുണഭോക്താക്കളല്ലാത്തവരുമായ വൃക്ക രോഗികള്‍ക്ക് അവയവ മാറ്റ ശസ്ത്രക്രിയക്കായി വരുന്ന ചെലവ് പൂര്‍ണ്ണമായും ഈ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. ദാതാവിനും സ്വീകര്‍ത്താവിനുമുള്ള ശസ്ത്രക്രിയാ സംബന്ധമായ ചെലവുകളും മറ്റ് ആശുപത്രി ചെലവുകളും ഇതിലുള്‍പ്പെടും.
വൃക്ക ദാതാവിന്റേത് തുറന്ന ശസ്ത്രക്രിയയാണെങ്കില്‍ 2,75,000 രൂപയും താക്കോല്‍ദ്വാര ശസ്ത്രക്രിയയാണെങ്കില്‍ 3,05,000 രൂപയുമാണ് ചെലവ് വരിക. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അവര്‍ കഴിക്കേണ്ട ജീവന്‍ രക്ഷാമരുന്നുകള്‍ കൂടി സ്‌നേഹസ്പര്‍ശത്തിലൂടെ സൗജന്യമായി നല്‍കും.
ഇന്‍ഷുറന്‍സ് പരിരക്ഷ, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍, റീ - ഇമ്പേഴ്‌സ്‌മെന്റ് സൗകര്യം എന്നിവ ലഭിക്കാത്തതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായവര്‍ക്ക് വേണ്ടിയാണ് പദ്ധതി. ഓരോ വര്‍ഷവും ജില്ലയില്‍ അറുനൂറ് പുതിയ ഡയാലിസിസ് രോഗികളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. നാലായിരത്തിലധികം പേരാണ് ഡയാലിസിസിലൂടെ ജീവിക്കുന്നത്. ഇതില്‍ യുവതീയുവാക്കളുടെ എണ്ണവും കൂടുകയാണ്. ഈ സാഹചര്യത്തിലാണ് സാമൂഹ്യ ഉന്നമനം കൂടി ലക്ഷ്യം വെച്ച് ജീവജ്യോതി നടപ്പാക്കുന്നത് . കുടുംബാംഗങ്ങള്‍ക്കിടയിലെ അവയവദാനം പ്രോത്സാഹിപ്പിക്കുക, രോഗികളുടെ അഭിമാനവും അന്തസും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൂടി പദ്ധതിക്കുണ്ട്. ജീവജ്യോതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലും വെബ് സൈറ്റിലും സ്‌നേഹസ്പര്‍ശം വെബ്‌സൈറ്റിലും കോഴിക്കോട് ആസ്റ്റര്‍ മിംസ് ,ഇഖ്‌റ ,ബേബി മെമ്മോറിയല്‍ ,മെട്രോ മെഡ് ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്റര്‍ എന്നീ ആശുപത്രികളിലും ലഭ്യമാകും .
വൃക്കരോഗികളെ കൂടാതെ നവജീവന്‍ ക്ലിനിക്കുകളിലൂടെ പാവപ്പെട്ട മാനസിക രോഗികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്നുണ്ട് .അഗതികളായ എച്ച് .ഐ. വി ബാധിതരായ പുരുഷന്‍മാര്‍ക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുളള കെയര്‍ സെന്ററും സ്‌നേഹസ്പര്‍ശത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.