ഇടുക്കി ഡാം തുറന്നു

post

ഇടുക്കി: മൂന്ന് വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം വീണ്ടും തുറന്നു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഡാം തുറന്നത്. 2398.08 അടി ജലനിരപ്പിലാണ് ഡാം തുറന്നത്. 10.50 ഓടെ മൂന്ന് തവണ സൈറണ്‍ മുഴക്കി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി 11 മണിയോടെയാണ് ഡാം  തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ ആണ് ആദ്യം തുറന്നത്. 11.55 ന് സൈറണ്‍ മുഴക്കി 12 മണിക്ക് രണ്ടാമതായി ചെറുതോണി ഡാമിന്റെ നാലാം ഷട്ടര്‍തുറന്നു. ഉച്ചക്ക് 12.25 ന് സൈറണ്‍ മുഴക്കി 12.30 ന് മൂന്നാംമതായി രണ്ടാമത്തെ ഷട്ടറും തുറന്നു. ചെറുതോണി ഡാമിന്റെ  മൂന്ന്, നാല്, രണ്ട് ഷട്ടറുകള്‍ 35 സെ.മി   ആണ് തുറന്നിരിക്കുന്നത്. മണിക്കൂറില്‍ 0.315 എം.സി.എം ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. നിലവില്‍ മഴ ഇല്ലെങ്കിലും 0.331 എം.സി.എം ജലമാണ്  ഡാമിലേക്ക് ഒഴികിയെത്തുന്നത്.  ഉച്ചക്ക് ഒരു മണിക്കത്തെ കണക്ക് പ്രകാരം 2398.14 അടിയാണ് ജലനിരപ്പ്. ഡാം തുറക്കുന്നത് ചിത്രീകരിക്കാനും ജനങ്ങളിലെത്തിക്കുന്നതിനുമായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഡാം തുറക്കുന്നതിന് മുന്‍ കരുതലയി ജില്ലാ ഭരണകൂടം എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലായി 64 കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്കായി പ്രത്യേകം ക്യാമ്പുകളും തുറന്നു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് യുപി സ്‌കൂളില്‍ തുറന്ന ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ ആറു പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. വാഴത്തോപ്പ് അങ്കണവാടിയിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെയും മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

ഡീന്‍ കുര്യാക്കോസ് എം.പി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി ജി.കെ. ഫിലിപ്പ്, മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജ്, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പ സാമി,  കെ.എസ്.ഇ.ബി   ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍.ശ്രീദേവി, അസിസ്റ്റന്റ് എഞ്ചിനീയര്‍ സാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്, കെ.എസ്.ഇ.ബി, റവന്യു ഉദ്ദ്യോഗസ്ഥര്‍ തുടങ്ങയവരും സന്നിഹിതരായിരുന്നു. ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന ശേഷം ഇടുക്കി ആര്‍ച്ച് ഡാമിലും ഗ്യാലറിയിലും സന്ദര്‍ശിച്ച് വെള്ളം ഒഴുകിയെത്തുന്ന ചെറുതോണി പട്ടണത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.കൃഷ്ണന്‍കുട്ടിയും മടങ്ങിയത്.