ദേശീയപാത 66 വികസനം - നഷ്ടപരിഹാര വിതരണ നടപടികള്‍ വേഗത്തിലാക്കാന്‍ അദാലത്ത്

post

എറണാകുളം: ദേശീയപാത 66 വികസനത്തിനായി മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഒക്ടോബര്‍ ആറ്, ഏഴ്, എട്ട്, 11 തീയതികളില്‍ അദാലത്ത് സംഘടിപ്പിക്കും. ദേശീയപാതാ അതോറിറ്റി അനുവദിക്കുന്ന 1200 കോടി രൂപ നഷ്ടപരിഹാരത്തുക അതിവേഗം വിതരണം ചെയ്യുന്നതിനായാണ് ജില്ലാ ഭരണകൂടം വില്ലേജ് അടിസ്ഥാനത്തില്‍ നഷ്ടപരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.

നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹാജരാക്കേണ്ട രേഖകള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കും.

ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതടക്കം ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് ഏഴ് ദിവസത്തിനകം തുക അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍ അറിയിച്ചു. രേഖകള്‍ ഹാജരാക്കാത്ത സാഹചര്യത്തില്‍ നോട്ടീസ് കാലാവധിയായ രണ്ട് മാസത്തിന് ശേഷം നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെച്ച് സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. ഇങ്ങനെ സ്ഥലം ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് പിന്നീട് കോടതി വഴി മാത്രമാണ് നഷ്ടപരിഹാരത്തുക ലഭിക്കുക.

കണയന്നൂര്‍ താലൂക്കില്‍ ഇടപ്പള്ളി നോര്‍ത്ത്, ചേരാനല്ലൂര്‍, പറവൂര്‍ താലൂക്കിലെ വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂര്‍, വടക്കേക്കര, മൂത്തകുന്നം എന്നീ വില്ലേജുകളിലായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച 3 ഡി വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട 22.4495 ഹെക്ടര്‍ സ്ഥലത്തിന്റെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനായാണ് അദാലത്ത്. 

ചേരാനല്ലൂര്‍ വില്ലേജിലെ ഒന്‍പത് ഫയലുകളില്‍ ഇതിനകം തീര്‍പ്പാക്കി 12 ഭൂവുടമകള്‍ക്ക് 9.8 കോടി രൂപ വിതരണം ചെയ്തു. 0.1395 ഹെക്ടര്‍ സ്ഥലമാണ് ഇവരില്‍ നിന്നും ഏറ്റെടുത്തത്.

വില്ലേജ് അടിസ്ഥാനത്തില്‍ അദാലത്ത് നടത്തുന്ന തീയതി, സ്ഥലം സമയം

ഇടപ്പള്ളി നോര്‍ത്ത്, ചേരാനല്ലൂര്‍ വില്ലേജുകള്‍ - 2021 ഒക്ടോബര്‍ 06 - ഫ്രണ്ട്‌സ് ലൈബ്രറി കുന്നുംപുറം - രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ

ആലങ്ങാട്, വരാപ്പുഴ വില്ലേജുകള്‍ - 2021 ഒക്ടോബര്‍ 07 - സെന്റ് ഫിലോമിനാസ് എല്‍.പി സ്‌കൂള്‍ ഹാള്‍, കൂനമ്മാവ് - രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ

വടക്കേക്കര, മൂത്തകുന്നം വില്ലേജുകള്‍ - 2021 ഒക്ടോബര്‍ 08 - സര്‍വീസ് സഹകരണ ബാങ്ക് നം 3131 ഓഡിറ്റോറിയം വടക്കേക്കര - രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ

കോട്ടുവള്ളി, പറവൂര്‍ വില്ലേജുകള്‍ - 2021 ഒക്ടോബര്‍ 11 - എന്‍ എസ് എസ് കരയോഗം ഹാള്‍, വഴിക്കുളങ്ങര, പറവൂര്‍ - രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ

അദാലത്തില്‍ വിചാരണ സമയത്ത് ഹാജരാക്കേണ്ട രേഖകള്‍

1. വസ്തുവിന്റെ അസ്സല്‍ ആധാരം/ പട്ടയം

2. മുന്‍ ആധാരങ്ങള്‍ (30 വര്‍ഷം വരെ ഉള്ളത്)

3. ആധാരപ്രകാരം വസ്തുവില്‍ ജന്മാവകാശം ഇല്ലെങ്കില്‍ ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്നും ലഭിച്ച ക്രയ സര്‍ട്ടിഫിക്കറ്റ് (പട്ടയം)

4. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഭൂനികുതി രസീത് (ഭൂഉടമയുടെ പേരില്‍

പോക്കുവരവ് ചെയ്തത്)

5. ഏറ്റെടുക്കുന്ന ഭൂമിയില്‍ ജപ്തി നടപടി ഇല്ലായെന്നുള്ള സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസ്)

6. പൊസഷന്‍, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസ്) ആറു മാസത്തിനുള്ളില്‍ അനുവദിച്ചത്.

7. നോട്ടീസ് കാലയളവ് വരെയുള്ള 30 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ് (സബ് രജിസ്ട്രാര്‍ ഓഫീസ് )

8. ഏറ്റെടുക്കുന്ന ഭൂമിയില്‍ കെട്ടിടം ഉണ്ടെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി രസീത്

9. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍)

10. ഏറ്റെടുക്കുന്ന വസ്തുവിന്റെ ഉടമ ജീവിച്ചിരിപ്പില്ലെങ്കില്‍ (എ) മരണ സര്‍ട്ടിഫിക്കറ്റ് (ബി) അവകാശ സര്‍ട്ടിഫിക്കറ്റ് (താലൂക്ക് തഹസില്‍ദാരില്‍ നിന്നുള്ളത്)

11. ഉടമസ്ഥന് പകരം മറ്റാരെങ്കിലും ആണ് ഹാജരാകുന്നതെങ്കില്‍ നിയമാനുസൃതം അധികാരപ്പെടുത്തിയിട്ടുള്ള മുക്ത്യാര്‍ (600 രൂപ സ്റ്റാമ്പ് പേപ്പറില്‍) (പവര്‍ ഓഫ് അറ്റോര്‍ണി). ആധാരകക്ഷി വിദേശത്താണെങ്കില്‍ എംബസി മുഖേന ലഭ്യമാക്കിയ പവര്‍ ഓഫ് അറ്റോര്‍ണി

12. വസ്തു സംബന്ധിച്ച് മറ്റേതെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ അവ

13. വസ്തുവിന്റെ ഉടമയെ തിരിച്ചറിയുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് /ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് (ഒറിജിനല്‍)

14. പാന്‍ കാര്‍ഡ് (ഒറിജിനല്‍), അറ്റസ്റ്റ് ചെയ്ത പകര്‍പ്പ്

15. ആധാര്‍ കാര്‍ഡ് (ഒറിജിനല്‍), അറ്റസ്റ്റ് ചെയ്ത പകര്‍പ്പ്

16. ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് (അറ്റസ്റ്റ് ചെയ്ത പകര്‍പ്പും) IFSC സഹിതം

17. പൂര്‍ണ്ണമായും കുടിയൊഴിപ്പിക്കപ്പെടുന്ന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്

18. രേഖകളില്‍ പേരു വ്യത്യാസം ഉണ്ടെങ്കില്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ്

19. സര്‍വ്വെ നമ്പറില്‍ വ്യത്യാസമുണ്ടെങ്കില്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഇരുസര്‍വ്വെ നമ്പറുകളിലെയും 30 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റും

20. തണ്ടപ്പേര്‍ പകര്‍പ്പ്