എലിപ്പനിക്കെതിരെ നാളെ ജില്ലയില്‍ ഡോക്സി ഡേ

post

എറണാകുളം: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നാളെ ഡോക്സി ഡേ ആയി ആചരിക്കുന്നു.  എലിപ്പനിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും അതുവഴി എലിപ്പനിമരണങ്ങള്‍ തടയുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങള്‍ അതാത് പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കൃഷിവകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുബശ്രീ എന്നിവയുമായി സഹകരിച്ചാണ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഓരോ പ്രദേശത്തെയും ഹൈ റിസ്‌ക് വിഭാഗങ്ങളിള്‍ അതായത് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിപണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ക്കിടയില്‍ എലിപ്പനി ബോധവത്ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്. 

ഈ വര്‍ഷം ഇതേവരെ 258 സംശയിക്കപ്പെടുന്ന കേസുകളും 109 സ്ഥിരീകരിച്ച എലിപ്പനി  കേസുകളുമാണ്  ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ എലിപ്പനി സ്ഥിരീകരിച്ച നാലും സംശയിക്കുന്ന 14 മരണങ്ങളും  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ,  മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി  പകരുന്നത്.

അതിനാല്‍ രോഗ പകര്‍ച്ചയ്ക്കു സാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗാണു വാഹകരായ എലി, നായ, കന്ന്കാലി തുടങ്ങിയ ജീവികളുടെയും മൂത്രം ശരീരത്തില്‍ തട്ടാതെയും, ആഹാരം  കുടിവെള്ളo എന്നീ  മാര്‍ഗങ്ങളിലൂടെ ശരീരത്തിലെത്താതെയും നോക്കുന്നത് വഴി ഈ രോഗം തടയാന്‍ സാധിക്കും.

വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് എലിപ്പനിയുടെ  പ്രധാന ലക്ഷണങ്ങള്‍.

കന്ന് കാലി പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൃഷി പണിയിലേര്‍പ്പെട്ടിരിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരിലാണ്  ഈ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളത്. മഴക്കാലമായതിനാല്‍  വെള്ള കെട്ടിലിറങ്ങിയവരും  ശുചീകരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നവരും  ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ  ഡോക്‌സിസൈക്ലീന്‍ ഗുളിക കഴിക്കേണ്ടതാണ്

മഴയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും എലിപ്പനി പ്രതിരോധ മരുന്നായ  ഡോക്‌സിസൈക്ലീന്‍ ഗുളിക കഴിക്കേണ്ടതാണ്.

മാത്രമല്ല,  ഇവര്‍ക്കു ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനടി വൈദ്യസഹായം  തേടുകയും എലിപ്പനിയല്ല എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എലിപ്പനി ലക്ഷണങ്ങള്‍ പ്രകടമായി ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ഗുരുതരമാകുന്ന അവസ്ഥയാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പല രോഗികളും. അതിനാല്‍ സ്വയം ചികിത്സ നിര്‍ബന്ധമായും ഒഴിവാക്കി യഥാസമയം  ചികിത്സ തേടുന്നത് രോഗനിര്‍ണ്ണയതിനും മരണങ്ങള്‍ തടയുന്നതിനും സഹായിക്കും.

കട്ടി കൂടിയ റബ്ബര്‍ കാലുറകളും, കയ്യുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍  നടത്തുക.

കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. 

പനി,  തൊണ്ടവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡിന്റെ മാത്രമല്ല  എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ച വ്യാധികളുടെ കൂടെ  ആയതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ചികിത്സ തേടേണ്ടതാണ്.