അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കുക എന്ന ലക്ഷ്യം സാധ്യമായി: മന്ത്രി വീണാ ജോര്‍ജ്

post

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ മിഷനുകളില്‍ ഒന്നായ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കുക എന്ന ലക്ഷ്യം സാധ്യമായിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അനര്‍ഹരായവര്‍ സ്വയം സറണ്ടര്‍ ചെയ്ത റേഷന്‍ കാര്‍ഡുകളില്‍ നിന്നും അര്‍ഹരായവര്‍ക്ക് അനുവദിച്ച പിഎച്ച്എച്ച് കാര്‍ഡുകളുടെ താലൂക്ക്തല വിതരണത്തിന്റെ ഉദ്ഘാടനം കോഴഞ്ചേരി തെക്കേമല ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

100 ദിവസത്തിനുള്ളില്‍ വളരെയേറെ ആളുകള്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തത് സ്വാഗതാര്‍ഹമാണ്. ഒന്നര ലക്ഷം അനര്‍ഹരായ ആളുകള്‍ ഇനിയുമുണ്ട്. അത്തരത്തിലുള്ളവര്‍ കാര്‍ഡുകള്‍ സ്വയം സറണ്ടര്‍ ചെയ്യാന്‍ സന്നദ്ധരാകണമെന്നും മന്ത്രി പറഞ്ഞു.

ഇലന്തൂര്‍ ഇട്ടിമാടത്ത് നൂപുരത്തില്‍ ഉഷാ പ്യാരിക്ക് കാര്‍ഡ് നല്‍കിയാണ് മന്ത്രി ആദ്യ വിതരണം നിര്‍വഹിച്ചത്. 10 കാര്‍ഡുകളാണ് ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തത്.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പത്തനംതിട്ട ജില്ലയിലെ സെപ്റ്റംബര്‍ മാസം വരെയുള്ള കണക്കനുസരിച്ച് അനര്‍ഹമായി കൈവശം വച്ചിരുന്ന 630 എഎവൈ കാര്‍ഡുകളും 2676 പിഎച്ച്എച്ച് കാര്‍ഡുകളും 2324 എന്‍പിഎസ് കാര്‍ഡുകളും ചേര്‍ന്ന് ആകെ 5638 കാര്‍ഡുകളാണ് ഉടമകള്‍ സ്വയം സറണ്ടര്‍ ചെയ്തിട്ടുള്ളത്. ഇതിനു പകരമായി പത്തനംതിട്ട ജില്ലയിലെ 494 പേര്‍ക്ക് എഎവൈ കാര്‍ഡ് അനുവദിച്ചതില്‍ കോഴഞ്ചേരി താലൂക്കില്‍ മാത്രമായി 91 കാര്‍ഡുകള്‍ അനുവദിച്ചു. പിഎച്ച്എച്ച് കാര്‍ഡുകളുടെ ഇനത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് ആകെ 4030 കാര്‍ഡുകള്‍ അനുവദിക്കുകയും അതില്‍ കോഴഞ്ചേരി താലൂക്കിന് മാത്രമായി 694 കാര്‍ഡുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 91 എഎവൈ കാര്‍ഡ് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതിനോടകം വിതരണം നടത്തിയിട്ടുമുണ്ട്.