എറണാകുളം-അമ്പലപ്പുഴ റയില്‍പ്പാത: ഇരട്ടിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കും

post

 എറണാകുളം: എറണാകുളം-അമ്പലപ്പുഴ റയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കല്‍  വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയില്‍ തന്നെ ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കും. അടുത്ത വര്‍ഷം മാര്‍ച്ചോടെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് റയില്‍വേക്ക് കൈമാറും. റയില്‍വേയും റവന്യൂ വകുപ്പും ഏകോപിച്ചുള്ള പ്രവര്‍ത്തനമായിരിക്കും ഇതിനു വേണ്ടി നടത്തുക.

സെപ്തംബര്‍ 30 നുള്ളില്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ശേഷം സര്‍വേ നടപടികള്‍ ആരംഭിക്കാനും നിര്‍ദ്ദേശം നല്‍കി. 

ജില്ലയിലെ നാല് വില്ലേജുകളിലായി 5.87 ഹെക്ടര്‍ ഭൂമിയാണ് റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്നത്. എറണാകുളം വില്ലേജില്‍ 0.25 ഹെക്ടര്‍, എളംകുളം വില്ലേജില്‍ 1.82 ഹെക്ടര്‍, മരട് വില്ലേജില്‍ 1.21 ഹെക്ടര്‍ കുമ്പളം വില്ലേജില്‍ 2.59 ഹെക്ടര്‍ എന്നിങ്ങനെയാണ് ഭൂമി ഏറ്റെടുക്കുന്നത്.