ഗ്രാമീണ ഭവനങ്ങളില്‍ 2024 ലും സംസ്ഥാനമാകെ 26 ലും കുടിവെള്ളമെത്തിക്കുക ജല ജീവന്‍ മിഷന്റെ ലക്ഷ്യം

post

ജല ജീവന്‍ മിഷന്‍ സംസ്ഥാന വെബിനാര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

ഇടുക്കി: കുടിവെള്ള വിതരണ പദ്ധതികള്‍ നടപ്പാക്കുവാന്‍ ജല ജീവന്‍ മിഷനെ തദ്ദേശ ഭരണകൂട അധികൃതരോടൊപ്പം സാമൂഹ്യ സാങ്കേതിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി സമൂഹവും സഹകരിക്കണമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. പകൃതി സൗഹൃദമായി കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് കളമശ്ശേരി രാജഗിരി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്താക്കള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച സംസ്ഥാനതല വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ ഭവനങ്ങളില്‍ 2024ലും സംസ്ഥാനമാകെ 26 ലും കുടിവെള്ളമെത്തിക്കുകയാണ് ജല ജീവന്‍ മിഷന്റെ ലക്ഷ്യം. സ്വാഭാവികമായി ശ്വസിച്ചുകൊണ്ടിരുന്ന പ്രാണവായുവിന്റെ പ്രസക്തി നമ്മള്‍ തിരിച്ചറിഞ്ഞത് കോവിഡിന്റെ കാലത്താണ്. മൂന്ന് പതിറ്റാണ്ടിനപ്പുറം കുടിവെളളത്തിനും കടുത്ത ദൗര്‍ലഭ്യം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ ബോധവല്‍ക്കരണം നടത്തണം. പ്രാദേശിക തര്‍ക്കം അവസാനിപ്പിച്ച് സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണം. കേരളത്തിലെ എല്ലാ ഭവനങ്ങളിലും കുടിവെള്ളമെത്തിക്കാനുള്ള കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായ ജല ജീവന്‍ മിഷന്‍ പദ്ധതിയെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കുവാന്‍ സംസ്ഥാന വെബിനാറുകൊണ്ട് കഴിയട്ടേയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ആശംസിച്ചു.

രാജഗിരി കോളേജ് ഡയറക്ടര്‍ റവ ഫാ. ജോസ് കുറിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. ജലഅതോറിറ്റി ചെയര്‍മാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് മുഖ്യപ്രഭാഷണം നടത്തി. ഫങ്ഷണല്‍ ഹൗസ് ഹോള്‍ഡ് ടാപ്പുകള്‍ പദ്ധതിയിലൂടെ ലഭ്യമാക്കും. ജല ജന്യരോഗങ്ങളെ തടഞ്ഞ് ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള സാഹചര്യമാണ് കുടവെളള ലഭ്യതയിലൂടെ സാധ്യമാകുന്നത്. പ്രാദേശിക ഭരണകൂടങ്ങളുടെ സാമൂഹ്യ സാമ്പത്തിക സഹകരണം ഇതിന് ആവശ്യമാണ്. അതിനാല്‍ ലക്ഷ്യം വ്യക്തമായും മുന്‍ഗണന കൃത്യമായും നിര്‍ണ്ണയിച്ച് കൂട്ടായ തീരുമാനത്തിലൂടെ പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശത്ത് ഏറ്റവും കുറഞ്ഞചെലവില്‍ ജലസംഭരണി സ്ഥാപിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും ഗുണഭോക്താക്കളുടേയും ബാധ്യത പരമാവധി കുറയ്ക്കാന്‍ നിര്‍വ്വഹണാധികാരികള്‍ ശ്രദ്ധിക്കണമെന്നും ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു.

നിര്‍ദ്ദിഷ്ട സമയ പരിധി ആയ 2024 നു മുമ്പ് പഞ്ചായത്തിലെ എല്ലാ വര്‍ക്കും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കിയ മികവിനാണ് എടവനക്കാട് പഞ്ചായത്തിന് ജലജീവന്‍ മിഷന്‍ പദ്ധതിയുടെ മികവ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ഈ നേട്ടം  കൈവരിക്കാനായി മറ്റു പഞ്ചായത്തില്‍ നിന്ന് വ്യത്യസ്തമായ പുതുമയാര്‍ന്ന പലതരം പദ്ധതികളാണ് ആവിഷ്‌കരിച്ചത് എന്ന് പ്രസിഡണ്ട് നസീമ അബ്ദുള്‍ സലാം വൈസ് പ്രസിഡന്റ് വി കെ ഇഖ്ബാല്‍ എന്നിവര്‍ പറഞ്ഞു.

ആദ്യമായി ചെയ്തത് പഞ്ചായത്തില്‍ കുടിവെള്ള കണക്ഷന്‍ ഇല്ലാത്തവരുടെ കണക്ക് എടുക്കല്‍ ആയിരുന്നു. അതിനുശേഷം അതിന്റെ വിശദാംശങ്ങള്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കി. നിലവില്‍ കണക്ഷന്‍ ഇല്ലാതിരുന്ന പലരും പുതിയ കണക്ഷന്‍ എടുക്കാന്‍ മടിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അവരെ പറഞ്ഞു മനസ്സിലാക്കി കണക്ഷന്‍ എടുപ്പിച്ചു. മറ്റുള്ളവരുടെ പുരയിടങ്ങളില്‍ കൂടെ പൈപ്പ് ലൈന്‍ കടന്നു പോകേണ്ട സ്ഥലങ്ങളില്‍ അതുമായി ബന്ധപ്പെട്ട ഉണ്ടായിരുന്ന തടസ്സങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചു. പൈപ്പിടാന്‍ റോഡ് പൊളിക്കുന്നതിനുള്ള തടസ്സമായിരുന്നു മറ്റൊരു പ്രശ്നം. പഞ്ചായത്തിന് അനുമതി വേണ്ട കേസുകളില്‍ അത്തരം അനുമതി എളുപ്പത്തില്‍ ലഭ്യമാക്കി. അനുമതി  ഇല്ലാതെതന്നെ റോഡ് പൊളിച്ചു പൈപ്പ് സ്ഥാപിക്കാനുള്ള സാഹചര്യവും ഉണ്ടാക്കി. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വേണ്ട സാഹചര്യങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായിട്ട് നേരിട്ട് ബന്ധപ്പെട്ട കാലതാമസവും മറ്റു സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കി എത്രയുംവേഗം കുടിവെള്ള കണക്ഷന്‍ നല്‍കി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനെക്കുറിച്ച് വ്യാപകമായ പ്രചരണം തുടര്‍ച്ചയായി നടത്തി. അതു ഫലം ചെയ്തു. കണക്ഷന്‍ എടുക്കാന്‍ ആയിട്ട് മുന്നോട്ടുവന്നു. എല്ലാവര്‍ക്കും കണക്ഷന്‍ ലഭ്യമായത് മറ്റൊരുതരത്തില്‍ പഞ്ചായത്തിന് സാമ്പത്തിക ലാഭം ഉണ്ടാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം എല്ലാവര്‍ക്കും കണക്ഷന്‍ ലഭിച്ചതോടുകൂടി പഞ്ചായത്തിലെ പൊതുടാപ്പുകള്‍ പലതും ഒഴിവാക്കാന്‍ കഴിയും. പൊതുടാപ്പുകള്‍ക്ക് വേണ്ടി വാട്ടര്‍ അതോറിറ്റി പ്രതിമാസം കെ ട്ടേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഇതുവഴി പഞ്ചായത്തുകള്‍ക്ക് ഒഴിവായി കിട്ടിയത്. മാത്രമല്ല പൊതുടാപ്പുകള്‍ കട്ട് ചെയ്യുന്നതോടെ വെള്ളത്തിന്റെ ദുരുപയോഗം കാര്യമായി കുറയുകയും ചെയ്യും. അത് ഇതെല്ലാം പഞ്ചായത്തിന് പൊതുവേ സാമ്പത്തികമായി നേട്ടമാണ് നല്‍കിയതെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ഭരണാനുമതിയും സാങ്കേതികാനുമതിയും കരാര്‍ ഉറപ്പിക്കുന്നതും സമയബന്ധിതമായി നിര്‍വ്വഹിക്കുന്നതിന് പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി ആമുഖ പ്രഭാഷണത്തില്‍ വ്യക്തമാക്കി.