പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എല്‍.എന്‍.ജി, സി.എന്‍.ജി സ്റ്റേഷനുകള്‍ ആരംഭിക്കും

post

പന്തളം-അമൃത ആശുപത്രി ദീര്‍ഘദൂര സര്‍വീസ് ഗുരുവായൂര്‍ വരെ നീട്ടും

അടൂര്‍ -ഗുരുവായൂര്‍ ദീര്‍ഘദൂര സര്‍വീസ് കോഴിക്കോട് വരെയും നീട്ടും

പത്തനംതിട്ട : പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എല്‍.എന്‍.ജി (ലിക്വിഫൈഡ് നാച്യുറല്‍ ഗ്യാസ്), സി.എന്‍.ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) സ്റ്റേഷനുകള്‍  ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനൊപ്പം സന്ദര്‍ശനം നടത്തി ചര്‍ച്ചചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എല്‍.എന്‍.ജി, സി.എന്‍.ജി സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരുന്നു. ഇവിടെ എല്‍.എന്‍.ജി, സി.എന്‍.ജി സ്റ്റേഷന്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്കും വാഹനത്തില്‍ ഇന്ധനം നിറക്കാന്‍ സൗകര്യം ഒരുക്കും. യാത്രക്കാരുടെയും ജീവനക്കാരുടെയും അഭിപ്രായം അറിയുന്നതിന് വേണ്ടിയാണ് പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മന്ത്രി സന്ദര്‍ശനം നടത്തിയത്. അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന്  ലോക്ഡൗണിന് മുമ്പ് 51 സര്‍വീസുകളാണു നടത്തിയിരുന്നത്. ഇപ്പോള്‍ 37 സര്‍വീസുകളാണ് നടത്തുന്നത്. യാത്രക്കാരുടെ കുറവ് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഇന്ധന ഇനത്തില്‍ കിലോമീറ്ററിന് 25 രൂപയെങ്കിലും വരുമാനം ഉണ്ടെങ്കിലെ സര്‍വീസുകള്‍ സാധാരണ നിലയില്‍ മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയൂ. പന്തളം - അമൃത ആശുപത്രി ദീര്‍ഘദൂര സര്‍വീസ് ഗുരുവായൂര്‍ വരെ നീട്ടും. അടൂര്‍ -ഗുരുവായൂര്‍ ദീര്‍ഘദൂര സര്‍വീസ് കോഴിക്കോട് വരെ നീട്ടും. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ ഡിപ്പോയില്‍ നിന്നും നേരത്തെ ഉണ്ടായിരുന്ന 51 സര്‍വീസുകളും വരുമാനം കണക്കിലെടുത്ത് പുന:ക്രമീകരിക്കാന്‍ നടപടിയുണ്ടാകും. അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കാന്റ്‌റീന്‍ വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി പ്രവര്‍ത്തനം കാലതാമസമില്ലാതെ പ്രവര്‍ത്തിക്കും. അടൂര്‍ ഡിപ്പോയിലെ ടേക്ക് എ ബ്രേയ്ക്ക് മന്ദിരവുമായി ബന്ധപ്പെട്ട അടൂര്‍ നഗരസഭയുമായി ഉണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതായും മന്ത്രി ആന്റണി രാജു പറഞ്ഞു.

നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ അടൂര്‍, പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ വിവിധ വിഷയങ്ങള്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ശ്രദ്ധപ്പെടുത്തുകയും അദ്ദേഹം അത് അനുഭാവപൂര്‍വ്വം പരിഗണിക്കുകയുമായിരുന്നെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലോക്കല്‍ ബസുകള്‍ പ്രധാനപ്പെട്ട പോയിന്റുകളില്‍ ഓടിക്കുവാന്‍വേണ്ട തീരുമാനം എടുത്തിട്ടുണ്ട്. അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ യാര്‍ഡ് ഉയര്‍ത്താന്‍ ബജറ്റില്‍ തുക അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന്‍സ് ജി.പി പ്രദീപ്കുമാര്‍, എസ്റ്റേറ്റ് ഓഫീസര്‍ എം.ജി പ്രദീപ്കുമാര്‍, അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.കെ ബിജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, ടി.ഡി ബൈജു, ഡോ.വര്‍ഗീസ് പേരുയില്‍, എബ്രഹാം, തോമസ് പുല്ലംപള്ളില്‍, ശശി പൂങ്കാവ്, രാജു നെടുവംപറമ്പ്, സണ്ണി കൊട്ടാരത്തില്‍ ,ചന്ദ്രമോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.