അമൃത മഹോത്സവം : ദേശീയ ദുരന്തനിവാരണ സേനയുടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി

post

ഇടുക്കി : സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികത്തോടനുബന്ധിച്ച്  രാജ്യം ആഘോഷിക്കുന്ന ആസാദി കാ അമൃത മഹോത്സവത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്  ദേശീയ ദുരന്തനിവാരണ സേന. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സേന ആവിഷ്‌കരിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരം വൃത്തിയാക്കി ഫലവൃക്ഷങ്ങളും ചെടികളുമാണ് നടുന്നത്. എല്ലാ ശനിയാഴ്ചയും ജില്ലയിലെ ഓരോ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പരിസരവും വൃത്തിയാക്കും.

മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കിയിലെത്തിയ ദുരന്ത നിവാരണ സേന രണ്ട് ടീം ആയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പൈനാവ് സര്‍ക്കാര്‍ യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എഡിഎം ഷൈജു പി ജേക്കബ് പേര മരം നട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, വാര്‍ഡ് മെമ്പര്‍ രാജു ജോസഫ്, പൈനാവ് സ്‌കൂള്‍ എച്എം കെ ശ്രീകല, പിടിഎ പ്രസിഡന്റ് എ അഭിലാഷ് തുടങ്ങി ദേശീയ ദുരന്ത നിവാരണ സേന സബ് ഇന്‍സ്‌പെക്ടര്‍ ധീരേന്ദര്‍ സിംഗ് കുശ് വാഹ,  യുടെ നേതൃത്വത്തില്‍ ഉള്ള 20 അംഗ ടീം ആണ് ശുചീകരണത്തിനും വൃക്ഷതൈ നടുന്നതിനും നേതൃത്വം നല്‍കുന്നത്.

     മൂന്നാറിലുള്ള എന്‍ഡിആര്‍എഫ് ടീം മൂന്നാര്‍ എംആര്‍എസ് സ്‌കൂള്‍ പരിസരം  മാലിന്യ മുക്തമാക്കി. മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി  ദേവികുളം താലൂക്കില്‍ എത്തിയ ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങള്‍ ആണ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്നു സ്‌കൂള്‍ മാലിന്യ മുക്തമാക്കിയത്.

 ദേശീയ ദുരന്ത നിവാരണ സേന ഇന്‍സ്‌പെക്ടര്‍ ജെ. കെ മോണ്ടല്‍ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.  ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉള്ള 18 അംഗ ടീം ആണ് ശുചീകരണത്തിന് നേതൃത്വം നല്‍കിയത്.   സ്‌കൂള്‍ മാനേജര്‍ രാജി, ഷിബു, ദേവികുളം താലൂക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുബൈര്‍, ഹരി എന്നിവര്‍ പങ്കെടുത്തു.