വാക്സിനേഷനില്‍ 100 ഇല്‍ 100 ന്റെ നേട്ടവുമായി മാറാടി പഞ്ചായത്ത്

post

18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്ത് ആയി മാറാടി

എറണാകുളം : 18 വയസിനു മുകളില്‍ പ്രായമായ അര്‍ഹരായ എല്ലാ ആളുകളിലേക്കും ആദ്യ ഡോസ് വാക്സിനേഷന്‍ എത്തിച്ചു നല്‍കി മാറാടി പഞ്ചായത്ത്. ജില്ലയില്‍  ആദ്യമായാണ് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഈ നേട്ടം കരസ്ഥമാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പഞ്ചായത്ത് അധികൃതരും പൊതു പ്രവര്‍ത്തകരും കൈ കോര്‍ത്തതോടെ കോവിഡ് പ്രതിരോധത്തിന്റെ പുതിയ മാതൃക സ്വീകരിക്കാന്‍ മാറാടി പഞ്ചായത്തിന്നു സാധിച്ചു.

വാക്സിനേഷനു മാത്രമായി പ്രത്യേക ഔട്ട് റീച് കേന്ദ്രവും കോവിന്‍ രെജിസ്‌ട്രേഷന്‍ നടത്താന്‍ ബുദ്ധിമുട്ട് നേരിട്ടവര്‍ക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നു രെജിസ്‌ട്രേഷന്‍ സൗകര്യവും പഞ്ചായത്ത് ഒരുക്കിയിരുന്നു. പാലിയേറ്റിവ് രോഗികള്‍ക്കും, അതിഥി തൊഴിലാളികള്‍ക്കും പിന്നോക്ക അവസ്ഥകളില്‍ ഉള്ളവര്‍ക്കും പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകളും നടത്തി.

ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ അര്‍ഹരായ ആളുകളെ കണ്ടെത്തി  വാക്സിനേഷന്‍ ലഭ്യമാക്കി. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവര്‍ക്കായി പ്രത്യേക ക്യാമ്പയിനുകള്‍ നടപ്പാക്കി.

ലഭ്യമായ സൗകര്യങ്ങളും കൃത്യമായ പ്രവര്‍ത്തനങ്ങളും വഴിയാണ് മാറാടി പഞ്ചായത്ത് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.