കൂറ്റന്‍ കാര്‍ഗോയ്ക്കായി സന്നാഹങ്ങളൊരുക്കി

post

കൊല്ലം: തുറമുഖത്ത് മുംബൈയില്‍ നിന്നെത്തിയ കൂറ്റന്‍ കാര്‍ഗോ ലക്ഷ്യത്തിലെത്തിക്കുന്നതിന് സന്നാഹങ്ങള്‍ ഒരുക്കിയതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഐ.എസ്.ആര്‍.ഒ വിന്‍ഡ് ടണല്‍ പ്രോജക്ടിന് ആവശ്യമായ സില്‍റ്റേഷന്‍ ചേമ്പറുകള്‍ അടങ്ങിയ 128, 57 ടണ്‍ വീതം ഭാരമുള്ള രണ്ടു കാര്‍ഗോയ്ക്കാണ് റോഡ് മാര്‍ഗം കൊണ്ട് പോകുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. ക്രമീകരണങ്ങളുമായി പൊതുജനം സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഉയരം കണക്കിലെടുത്ത് വൈദ്യുത കമ്പികള്‍, റോഡിന്റെ വശങ്ങളിലുള്ള മരങ്ങള്‍ എന്നിവ തടസ്സമാകാതെ നോക്കേണ്ടത് കെ. എസ്. ഇ. ബി., വനംവകുപ്പുകള്‍.  പോലീസ്, പൊതുമരാമത്ത് വകുപ്പുകക്കാണ് ഗതാഗത നിയന്ത്രണ ചുമതല.

128 ടണ്‍ ഭാരമുള്ള കാര്‍ഗോയുടെ നീളം 9.8 മീറ്ററും, വീതി 5.6 മീറ്ററും ഉയരം 5.7 മീറ്ററുമാണ്. 57 ടണ്‍ ഭാരമുള്ളതിന് 5.1 വീതിയും 5.9 മീറ്റര്‍ നീളവും 6.05 മീറ്റര്‍ ഉയരവുമാണുള്ളത്. 96 വീലുകളുള്ള ഹൈഡ്രോളിക് ആക്സില്‍ വാഹനത്തിലാണ് കാര്‍ഗോ കൊണ്ടുപോകുന്നത്. വാഹനത്തിന്റെ ഉയരം കൂടി ചേരുമ്പോള്‍ ആകെ ഉയരം 7.52 മീറ്ററാകും. ഒരുദിവസം 10 കിലോമീറ്റര്‍ ദൂരമേ വാഹനത്തിന് സഞ്ചരിക്കാനാകൂ. യാത്ര തുടങ്ങി ഏഴാം ദിനം തുമ്പയിലെ ഐ.എസ.്ആര്‍.ഒ കേന്ദ്രത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പോര്‍ട്ട് ഓഫീസര്‍ ഇന്‍ചാര്‍ജ് ക്യാപ്റ്റന്‍ ഹരി അച്ചുതവാര്യര്‍ പറഞ്ഞു.