ജില്ലയില്‍ ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു ആദ്യമായി വിതരണം ചെയ്യുന്നത് എ. എ വൈ കാര്‍ഡുടമകള്‍ക്ക്

post

എറണാകുളം : ഓണത്തിന് മുന്‍പായി എല്ലാവര്‍ക്കും ഓണകിറ്റ് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍. ആദ്യ ഘട്ടമായി അന്ത്യോദയ അന്ന യോജന വിഭാഗത്തില്‍ ഉള്‍പ്പെട്ട മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള ഓണകിറ്റ് വിതരണം ജൂലൈ 31 ന് തന്നെ ആരംഭിച്ചു കഴിഞ്ഞു. 10000 ഓളം എ. എ. വൈ കാര്‍ഡുടമകള്‍ ആണ് ഇതുവരെ കിറ്റ് വാങ്ങിയത്. ആകെ 30% ഓളം അന്ത്യോദയ അന്ന യോജന വിഭാഗത്തില്‍ ഉള്‍പ്പെട്ട കാര്‍ഡുടമകള്‍  ഓണകിറ്റ് കൈപ്പറ്റി കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍  മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട

പിങ്ക് കളര്‍ കാര്‍ഡുടമകള്‍ക്കും മൂന്നാം ഘട്ടത്തില്‍ മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍പെട്ട നീല കളര്‍ കാര്‍ഡുടമകള്‍ക്കും നാലാം ഘട്ടത്തില്‍ മുന്‍ഗണനേതര  നോണ്‍ സബ്‌സിഡി വിഭാഗത്തില്‍ ഉള്‍പ്പെട്ട

വെള്ള കളര്‍ കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. ഓഗസ്റ്റ് 16 ന് മുന്‍പായി എല്ലാവര്‍ക്കും ഓണകിറ്റ് എത്തിക്കാന്‍ ആണ് നിലവില്‍ ലക്ഷ്യമിടുന്നത്.

ഓഗസ്റ്റ് 3 വരെ എ. എ. വൈ കാര്‍ഡുകള്‍ക്കുള്ള കിറ്റുകളും ഓഗസ്റ്റ് 4 മുതല്‍ ഓഗസ്റ്റ് 7 വരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 9 മുതല്‍ ഓഗസ്റ്റ് 12 വരെ മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തില്‍പെട്ട നീല കളര്‍ കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകളും ഓഗസ്റ്റ് 13 മുതല്‍ 16 വരെ നോണ്‍ സബ്‌സിഡി വിഭാഗത്തില്‍ ഉള്‍പ്പെട്ട

വെള്ള കളര്‍ കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകളും വിതരണം ചെയ്യും.

പഞ്ചസാര ഒരു കിലോഗ്രാം, വെളിച്ചെണ്ണ , ചെറുപയര്‍, തുവര പരിപ്പ്, തേയില, മുളക് പൊടി, ശബരി പൊടി ഉപ്പ്, മഞ്ഞള്‍ , സേമിയ അല്ലെങ്കില്‍ പാലട  ഉണക്കലരി, കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശര്‍ക്കരവരട്ടിയോ ഉപ്പേരിയോ ,ഒരു കിലോഗ്രാം ആട്ട, ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി തുടങ്ങിയവയായിരിക്കും കിറ്റില്‍ ഉണ്ടാകുക.

ജില്ലയില്‍ 881834 കിറ്റുകളാണ് തയാറാക്കുന്നത്. കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കിറ്റുകളുടെ എണ്ണവും കൂട്ടും. എ. എ വൈ വിഭാഗത്തില്‍ ജില്ലയില്‍ ആകെ 37126 കാര്‍ഡുകള്‍ ആണ് ഉള്ളത്. മുന്‍ഗണന വിഭാഗത്തില്‍ 255522 കാര്‍ഡുകളും മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍ 278356 കാര്‍ഡുകളും മുന്‍ഗണനേതര  നോണ്‍ സബ്‌സിഡി വിഭാഗത്തില്‍ 307310 കാര്‍ഡുകളുമാണ് ജില്ലയിലുള്ളത്.