90 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണക്കിറ്റ്: മന്ത്രി ജി. ആര്‍ അനില്‍

post

കൊല്ലം : കോവിഡ് പ്രതിസന്ധിയിലും 90 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന  ഓണക്കിറ്റ് ലഭ്യമാക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ആധുനിക സൗകര്യങ്ങളോടെ സൂപ്പര്‍മാര്‍ക്കറ്റ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചിതറ സപ്ലൈകോ മാവേലി സ്റ്റോറിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തിങ്കളാഴ്ച മുതല്‍ അതത് സ്ഥലത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. ഗുണനിലവാരം ഉറപ്പാക്കിയാണ്  കിറ്റുകള്‍ തയ്യാറാക്കുക. നല്‍കുന്ന സാധനങ്ങളുടെ നിലവാരം വകുപ്പുതല ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണത്തിനു മുന്‍പ് തന്നെ 32 സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി അധ്യക്ഷയായി. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിതരണ രംഗത്ത് മെച്ചപ്പെട്ട പദ്ധതികള്‍ സര്‍ക്കാര്‍  നടപ്പിലാക്കുന്നത്. സബ്സിഡി നിരക്കില്‍ ഗുണമേ•യുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് ശ്രമം എന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ആദ്യ വിതരണം നടത്തി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മുരളി, വൈസ് പ്രസിഡന്റ് ആര്‍.എം.രജിത, ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.