വിദ്യാ തരംഗിണി പദ്ധതിയിലൂടെ മൂന്നരക്കോടി വിതരണം ചെയ്തു

post

എറണാകുളം : നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനുള്ള വിദ്യാതരംഗിണി വായ്പ വഴി ജില്ലയില്‍ വിതരണം ചെയ്തത് മൂന്നര കോടി രൂപ. സഹകരണ വകുപ്പിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഒരാള്‍ക്ക് പരമാവധി 10,000 രൂപയായിരുന്നു പലിശരഹിത വായ്പ നല്‍കിയത്. ആകെ  35032922 രൂപ ജില്ലയില്‍ വിതരണം ചെയ്തു. 

സഹകരണ സംഘങ്ങളിലൂടെയാണ് അപേക്ഷകള്‍ സ്വീകരിച്ചത്. 4446 അപേക്ഷകള്‍ ലഭിച്ചതില്‍ 3561 വിദ്യാര്‍ത്ഥികള്‍ സഹായം സ്വീകരിച്ചു. സഹകരണ സംഘം അംഗങ്ങള്‍ അല്ലാത്തവരുടെയും അപേക്ഷകള്‍ പരിഗണിച്ചു. വായ്പ 24 മാസം കൊണ്ട് തിരിച്ചടക്കുന്ന കാലാവധിയാണ് നല്‍കുന്നത് . അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളില്‍ നിന്നുള്ള രേഖയും മൊബൈല്‍ ഫോണ്‍ വാങ്ങിയ ബില്ലും  ഉള്‍പ്പെടുത്തണം. ആള്‍ ജാമ്യ വ്യവസ്ഥയിലാണ് വായ്പ നല്‍കുന്നത്. അപേക്ഷകള്‍ ജൂലൈ 31 വരെ സ്വീകരിക്കും. 

കാലാവധി പൂര്‍ത്തിയായിട്ടും വായ്പ തിരിച്ചടച്ചില്ലെങ്കില്‍ 8 ശതമാനം പലിശ നിരക്ക് ഈടാക്കും. 

കൊച്ചി താലൂക്കില്‍ 523 അപേക്ഷകള്‍ക്കായി 5215600 രൂപയും കണയന്നൂര്‍ താലൂക്കില്‍ 587 അപേക്ഷകളിലായി 5835436 രൂപയും ആലുവ താലൂക്കില്‍ 439 അപേക്ഷകര്‍ക്കായി 4380306 രൂപയും പറവൂര്‍ താലൂക്കില്‍ 467 അപേക്ഷകര്‍ക്കായി 4661450 രൂപയും കുന്നത്തുനാട് താലൂക്കില്‍ 525 അപേക്ഷകര്‍ക്കായി 4974366 രൂപയും കോതമംഗലം താലൂക്കില്‍ 691 അപേക്ഷകര്‍ക്കായി 6698612 രൂപയും മുവാറ്റുപുഴ താലൂക്കില്‍ 329 അപേക്ഷകര്‍ക്കായി 3267152 രൂപയും ഇതുവരെ വിതരണം ചെയ്തു.