കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണ യൂണിറ്റ് കോതമംഗലത്ത്

post

കാക്കനാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ സഹകരണ സംഘങ്ങള്‍ക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണ യൂണിറ്റ് കോതമംഗലത്ത് ആരംഭിക്കും. സംസ്ഥാനത്താകെ 10 യൂണിറ്റുകളാണ് ആരംഭിക്കുന്നത്. 

കോതമംഗലം വനിതാ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്. നാല്പത് ശതമാനം ഓഹരിയായും 60 ശതമാനം സബ്‌സിഡിയായും നല്‍കും. സംഘത്തിന്റെ ഓഫീസ് കെട്ടിടത്തില്‍ തന്നെ നിര്‍മ്മാണ യൂണിറ്റുകള്‍ക്കും സ്റ്റോറേജിനും ആവശ്യമായ സൗകര്യം കണ്ടെത്തിയിട്ടുണ്ട്. ഗുണമേന്മയുള്ള ഉപ്പന്നങ്ങള്‍ ലാഭകരമായി നിര്‍മ്മിച്ച് മറ്റു കമ്പനികളേക്കാള്‍ വില കുറവില്‍ 

വില്പന നടത്തുകയാണ് ലക്ഷ്യം. വിവിധ നിലവാരത്തിലുള്ള ത്രീ ലെയര്‍ സിംഗിള്‍ യൂസ് ഫേസ് മാസ്‌ക്, റീയൂസബിള്‍ മാസ്‌ക് മുതലായവയുടെ അസംസ്‌കൃത വസ്തുക്കള്‍ മൊത്തമായി വാങ്ങി സംഘത്തിന്റെ സ്റ്റിച്ചിങ്ങ് യൂണിറ്റില്‍ അംഗങ്ങളെ കൊണ്ട് നിര്‍മ്മിക്കും. ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ നിന്ന് മൊത്തമായി വാങ്ങി ആകര്‍ഷകമായ വിവിധ വലിപ്പമുള്ള കുപ്പികളില്‍ നിറച്ച് സംഘത്തിന്റെ ലേബലില്‍ ചില്ലറ വില്‍പന നടത്തുന്നതിനുമാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. 28 ആളുകള്‍ക്ക് പ്രത്യക്ഷമായി തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണിത്. കോവിഡിനു ശേഷം മറ്റു സ്റ്റിച്ചിങ്ങ് മേഖലയിലേക്ക് സംഘത്തിന്റെ പ്രവര്‍ത്തനം മാറ്റും. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അടുത്ത ആഴ്ചയോടെ പൂര്‍ത്തീകരിക്കുമെന്ന് കോതമംഗലം വനിതാ സര്‍വീസ് സഹകരണ സംഘം സെക്രട്ടറി അറിയിച്ചു.