ഹരിതമിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തും

post

ഇടുക്കി: ജില്ലയിലെ ഹരിതമിഷന്‍  പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുമെന്നും പുതിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍   നടപ്പാക്കുമെന്നും ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍  ഡോ. ടി.എന്‍ സീമ. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ കളക്ടേറ്റില്‍  ചേര്‍ന്ന ഹരിത കേരള മിഷന്‍ അവലോകന യോഗത്തിന് നേതൃത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

 ഇനി ഞാന്‍ ഒഴുകട്ടെ നീര്‍ചാലുകളുടെ വീണ്ടെടുപ്പ് ജില്ലയില്‍ നടന്നു വരുന്നുണ്ട്. തൊഴിലുറപ്പ് വഴിയും ഇത്തരം നീര്‍ച്ചാലുകളുടെ ശുദ്ധീകരണം നടത്തും. മണ്ണൊലിപ്പ് തടയുന്നതിന്റെ ഭാഗമായി മുള കൃഷിക്ക്  അടിമാലിയില്‍  തുടക്കം കുറിച്ച്  മൂവായിരം തൈകള്‍ നട്ടു. വാഴത്തോപ്പ് പഞ്ചായത്തില്‍  മുള കൃഷി  ഉല്പാദനത്തിനായുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. പച്ചത്തുരുത്തു പദ്ധതിയുടെ ഭാഗമായി 4.3 ഏക്കറില്‍ നെല്ലി, ഞാവല്‍, പനിനീര്‍ ചാമ്പ, ആര്യവേപ്പ് തുടങ്ങിയ മരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്വാഭാവിക വനം നിര്‍മിച്ചത് .  ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം മേഖലകളിലെ മാലിന്യ പ്രശ്‌നങ്ങള്‍, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, ഇവ സംസ്‌കരിക്കുന്നതിനുള്ള സ്ഥലപരിമിതികള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു.