മാതൃകവചം : ജില്ലയില്‍ 1109 ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചു

post

എറണാകുളം : ആരോഗ്യ വകുപ്പ്  സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്ന  'മാതൃകവചം' വാക്‌സിന്‍ കാമ്പയിനില്‍ 1109  ഗര്‍ഭിണികള്‍ ജില്ലയില്‍  വാക്‌സിന്‍ സ്വീകരിച്ചു . 1084 ഗര്‍ഭിണികളാണ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. 896 പേര്‍ കോവിഷീല്‍ഡും 188 പേര്‍ കോവാക്‌സിനും ആണ് സ്വീകരിച്ചത്. 25 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 16 പേര്‍ കോവിഷീല്‍ഡും 9 പേര്‍ കോവാക്‌സിനും ആണ് സ്വീകരിച്ചത്. കോവിന്‍ പോര്‍ട്ടലിലോ വീടിനടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററില്‍  നേരിട്ടെതിയോ രജിസ്റ്റര്‍ ചെയ്യാം. . ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെയാണ് സമയം.  കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ്  ഗര്‍ഭിണികള്‍ . സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലാകുകയും ചിലര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.  ഗര്‍ഭാവസ്ഥയുടെ ഏതു കാലയളവിലും വാക്‌സിന്‍ സ്വീകരിക്കാം.  

വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യിപ്പിച്ച് വാക്സിന്‍ നല്‍കുകയാണ് മാതൃകവചത്തിന്റെ ലക്ഷ്യം. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചാണ് വാക്സിന്‍ എടുപ്പിക്കുന്നത്. വാക്സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുന്ന വിധത്തില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഗര്‍ഭിണികളായതിനാല്‍ പലപ്പോഴും ചികിത്സയ്ക്കും പരിചരണത്തിനുമായി ആശുപത്രിയില്‍ പോകേണ്ടി വരും. കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന ഈ സമയത്ത് ആരില്‍ നിന്നും ആര്‍ക്കും രോഗം വരാം. ഗര്‍ഭിണികളിലെ കോവിഡ് ബാധ ചിലരില്‍ മാസം തികയാതെയുള്ള പ്രസവം , കുട്ടികളില്‍ തൂക്കക്കുറവ് എന്നിവക്കും അപൂര്‍വമായി ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനും ഇടയാക്കും. അതിനാല്‍ തന്നെ  കോവിഡിനെ  പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗം  വാക്സിന്‍ സ്വീകരിക്കുക എന്നതാണ് . വാക്സിന്‍ എടുത്ത് കഴിഞ്ഞ് പ്രതിരോധശേഷി വന്നശേഷം കോവിഡ് ബാധിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവരില്‍ രോഗം ഗുരുതരമായേക്കാം. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വാക്സിന്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.  കോവീഷീല്‍ഡോ, കോവാക്സിനോ ഇഷ്ടാനുസരണം സ്വീകരിക്കാം.  കഴിയുന്നതും മുന്നേ തന്നെ വാക്സിന്‍ സ്വീകരിക്കുന്നതാണ് നല്ലത്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏത് കാലയളവിലും വാക്സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. അതിനാല്‍ തന്നെ ഗര്‍ഭാവസ്ഥയിലെ അവസാന മാസങ്ങളില്‍ ഒന്നാം ഡോസ് വാക്സിന്‍ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോള്‍, മുലയൂട്ടുന്ന സമയമായാല്‍ പോലും വാക്സിന്‍ എടുക്കുന്നതിന് യാതൊരു തടസവുമില്ല.