ചുഴലിക്കാറ്റ്: അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കും - മന്ത്രി പി. പ്രസാദ്

post

പത്തനംതിട്ട : അയിരൂര്‍, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ തിങ്കളാഴ്ച ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി സഹായം എത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചുഴലിക്കാറ്റ് വീശിയ സ്ഥലങ്ങളിലെ കൃഷിനാശം വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ട് പഞ്ചായത്തുകളിലെയും ഏക്കറ് കണക്കിന് സ്ഥലങ്ങളില്‍ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആളപായമുണ്ടായില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. റവന്യൂ വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ടീമിനെ നിയമിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കും. എല്ലാവരുടെയും പ്രശ്നങ്ങള്‍ ഗൗരവത്തോടെ കേള്‍ക്കും. വീടുകളുടെ നാശനഷ്ടം, കൃഷി നാശം തുടങ്ങിയവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

ശനിയാഴ്ചയോടെ അയിരൂര്‍ പഞ്ചായത്തിന്റെയും തിങ്കളാഴ്ചയോടെ എഴുമറ്റൂര്‍ പഞ്ചായത്തിന്റെയും നാശനഷ്ടങ്ങളുടെ തോത് പൂര്‍ണമായും രേഖപ്പെടുത്തും. കാര്‍ഷിക മേഖലയിലെ നാശനഷ്ടം എല്ലാ പഴുതുകളുമടച്ച് പരിഹരിക്കും. അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം(എഐഎംഎസ്)  പോര്‍ട്ടലില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യണം. ഇതിലൂടെ പരിഹാരം വേഗത്തില്‍ കാണാനാകും. അതത് വാര്‍ഡിലെ ജനപ്രതിനിധികള്‍ ഇതിനായി മുന്‍കൈ എടുക്കണം. ചുവപ്പുനാടയില്‍ ഫയലുകള്‍ കുടുങ്ങുകയില്ല. നാശനഷ്ടം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

കാര്‍ഷിക വിളകളില്‍ ഉള്‍പ്പെടാത്ത റംബുട്ടാന്‍ മരങ്ങള്‍ ഒടിഞ്ഞു വീണത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. റംബുട്ടാന്‍ മരങ്ങളെ കാര്‍ഷിക വിളകളില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനമെടുക്കും. ഈ പ്രദേശത്തെ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാനുള്ള പ്രോജക്ട് ഏറ്റെടുക്കാന്‍ കഴിയുമോ എന്നത് പരിശോധിക്കും. കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. ഇതിനായി എല്ലാ ജനങ്ങളും താല്‍പര്യം പ്രകടിപ്പിക്കണം. ഇത് സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായി ജനകീയ കാമ്പയിന്‍ ഉള്‍പ്പെടെയുള്ളവ ആവശ്യമാണ്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് എല്ലാ വകുപ്പുകളും ജനപ്രതിനിധികളും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മുന്‍ എംഎല്‍എമാരായ രാജു എബ്രഹാം, എ. പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അനിതാ കുറുപ്പ്, ശോഭാ മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജി മാത്യു, സാറ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉണ്ണി പ്ലാച്ചേരി, വി. പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, തിരുവല്ല ആര്‍ഡിഒ  ബി. രാധാകൃഷ്ണന്‍, തഹസീല്‍ദാര്‍മാരായ നവീന്‍ ബാബു, എം.ടി. ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.