ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ.രാധാകൃഷ്ണന്‍

post

പത്തനംതിട്ട : മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്തിനു മുമ്പായി ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. നിലയ്ക്കല്‍ ദേവസ്വം അഡ്മിനിസട്രേറ്റീവ് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി വരുകയാണ്. ഇതിനായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ആലോചനായോഗവും നടന്നു കഴിഞ്ഞു. ശബരിമല വികസനവുമായി ബന്ധപ്പെട്ട ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നിയന്ത്രണമില്ലാതെ ഭക്തജനങ്ങള്‍ ശബരിമലയിലേക്ക് വരണമെന്നാണ് ആഗ്രഹം. എന്നാല്‍, കോവിഡ് മഹാമാരി നിലനില്‍ക്കുന്നതിനാല്‍ അതിനു സാധ്യമല്ല. ഒന്നാം തരംഗത്തിനും രണ്ടാം തരംഗത്തിനും ശേഷം മൂന്നാം തരംഗം വരാന്‍ പോവുകയാണ്.  രോഗവ്യാപനവും, മരണവും കുറയ്ക്കാനാണ് പല മേഖലകളിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നത്. അത് സമൂഹത്തിന്റെ നന്മയ്ക്കാണ്. കര്‍ക്കടക മാസ പൂജക്കായി എത്തുന്ന തീര്‍ഥാടകര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അഞ്ചു ദിവസത്തെ ദര്‍ശനത്തിനായി  ഇതുവരെ പതിനാറായിരത്തിലധികം പേര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

യോഗത്തിനു ശേഷം കര്‍ണാടക സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ബി.ശ്രീരാമലുവുമായി മന്ത്രി കെ.രാധാകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. നിലയ്ക്കല്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് വളപ്പില്‍ ഇരുവരും ചേര്‍ന്ന് വൃക്ഷതൈകള്‍ നട്ടു. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ കുമാരവാര്യര്‍, എഡിജിപി എസ്. ശ്രീജിത്ത്, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.