എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം' സംസ്ഥാനതല ക്യാമ്പയിന്‍ ആരംഭിച്ചു

post

മത്സ്യ കര്‍ഷക ദിനാചരണം മന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു

ഇടുക്കി: ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, കാമാക്ഷി ഗ്രാമപഞ്ചായത്ത്, അടിമാലി  ഗ്രാമപഞ്ചായത്ത്, രാജാക്കാട് ഗ്രാമപഞ്ചായത്ത്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് എന്നീ 5  കേന്ദ്രങ്ങളില്‍  പരിപാടികള്‍ സംഘടിപ്പിച്ചു.

കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ നടത്തിയ ചടങ്ങ് ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം  ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ വിശിഷ്ടാതിഥിത്യം വഹിക്കുകയും കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ് സ്വാഗതം പറയുകയും ചെയ്തു. ഇടുക്കി ജില്ലാ ഫിഷറീസ് ഓഫീസര്‍ ഡോ.ജോയ്സ് എബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദവസരത്തില്‍ ഇടുക്കി, കട്ടപ്പന ബ്ലോക്കുകളിലെ മത്സ്യകര്‍ഷകരായ മാത്യു ജോര്‍ജ്ജ്, ജലീഷ് ജോര്‍ജ്ജ് എന്നിവരെ പൊന്നാടയണിയിച്ചാദരിച്ചു. ഇടുക്കി, കട്ടപ്പന ബ്ലോക്കുകളിലെ മത്സ്യകൃഷി ഡാറ്റാ ബുക്കുകളുടെ പ്രകാശനകര്‍മ്മവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.

വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന  മത്സ്യകര്‍ഷകദിനാചരണം പരിപാടി വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അടിമാലി ഗ്രാമപഞ്ചായത്തില്‍ അഡ്വ എ. രാജ എം.എല്‍.എ മത്സ്യകര്‍ഷകരെ ആദരിച്ചു. മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ആരംഭിച്ച  'എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം' സംസ്ഥാനതല ക്യാമ്പയിന്റെ ഉദ്ഘാടനവും ഫിഷറീസ് വകുപ്പുമന്ത്രി സജി.ചെറിയാന്‍ ഇതോടൊപ്പം ഓണ്‍ലൈനായി നിര്‍വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 3 പൊതുകുളങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപവും നടത്തി.