ശ്രീമൂലം മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: ഡെപ്യൂട്ടി സ്പീക്കര്‍

post

പത്തനംതിട്ട : അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റ് ജൂലൈ 15ന് ടെന്‍ഡര്‍ ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ശ്രീമൂലം മാര്‍ക്കറ്റ്  നവീകരണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്  വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. 

കിഫ്ബി പദ്ധതിയില്‍ നിന്ന് രണ്ട് കോടി മുപ്പത്തി ഒന്ന് ലക്ഷം രൂപയാണു ഭരണാനുമതി ലഭിച്ചത്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ നവീകരിച്ച എല്ലാ സൗകര്യങ്ങളുമുള്ള മാര്‍ക്കറ്റായി ശ്രീമൂലം മാര്‍ക്കറ്റ് മാറും. 24 മത്സ്യ സ്റ്റാളുകള്‍, 22 കടമുറികളും ഇതിന്റെ ഭാഗമായുണ്ട്.  കടമുറികളില്‍ പച്ചക്കറി അടക്കം വില്‍പ്പന നടത്തുന്നതിനുള്ള  സൗകര്യമൊരുക്കിയിട്ടുണ്ട്. ഫിഷ്സ്റ്റാള്‍, പച്ചക്കറി സ്റ്റാള്‍, ഇറച്ചി കച്ചവടം അടക്കം പ്രത്യേകം സൗകര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഡ്രെയ്‌നേജ് സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ വൈകിയതിനാലാണ് ഡെപ്യൂട്ടി സ്പീക്കര്‍  മുന്‍കൈയെടുത്ത് യോഗം വിളിച്ച് ചേര്‍ത്തത്.

നഗരസഭ ചെയര്‍മാന്‍ ഡി.സജി, കിഫ്ബി സിഇഒ ഷൈല, ഫിഷറീസ്, തീരദേശ വികസന അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.