ഓണ്‍ലൈന്‍ പഠനം: ജില്ലാ ദുരന്ത നിവാരണ യോഗം ചേര്‍ന്നു

post

ഇടുക്കി : ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ യോഗം ചേര്‍ന്നു.

പട്ടയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നിടത്ത്  ടവര്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍  ജില്ലാ ദുരന്ത നിവാരണ നിയമം അനുസരിച്ചു അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 15 ഇടങ്ങളില്‍ ടവറുകള്‍ സ്ഥാപിക്കാന്‍ സാധിക്കും. മന്നാംകണ്ടം, മാങ്കുളം, തങ്കമണി, കട്ടപ്പന, ഏലപ്പാറ, വാഗമണ്‍, ബൈസണ്‍വാലി, കല്‍കൂന്തല്‍, വണ്ടന്‍മേട് ,രാജകുമാരി, കൊന്നത്തടി, രാജാക്കാട്, ആനവിലാസം, എന്നീ വില്ലേജുകളിലാണ്  ടവറുകള്‍ സ്ഥാപിക്കുന്നത്.

യോഗത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തിലെ പ്രസിഡണ്ട്, സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരോട് ഓണ്‍ലൈനായി ജില്ലാ കളക്ടര്‍ സംസാരിച്ചു. ഈ പഞ്ചായത്തുകളില്‍ കോവിഡ് രോഗ പരിശോധന വര്‍ദ്ധിപ്പിക്കും. കോളനി പോലുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ യൂണിറ്റ് ഉപയോഗിക്കും. ജീവനക്കാരുടെ കുറവുള്ളിടത്ത് അത് നികത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. പോലീസ് പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി,  എഡിഎം ഷൈജു ജോസഫ്, ഡിഎംഒ ഡോ.എന്‍ പ്രിയ, എന്‍എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ . സുജിത്ത് സുകുമാരന്‍, ഡിവൈഎസ്പി നിഷാദ്‌മോന്‍ തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.