ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ; കാരണക്കോടം തോടിന്റെ മുഖം മാറുന്നു

post

കൊച്ചി: ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കാരണക്കോടം തോടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. തോടിനെ  മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തോട്ടിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയാണ് ചെയ്യുന്നത്. ഇതിനായി 65 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. 

പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്ന തോടിന്റെ മൂന്ന് ഭാഗങ്ങളിലും ജില്ലാ കളക്ടര്‍ എസ്.സുഹാസ് സന്ദര്‍ശിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പാലാരിവട്ടം മെട്രോ സ്റ്റേഷന്‍ മുതല്‍ അടിമുറിത്തോട്  വരെയുള്ള ഭാഗങ്ങളിലും പാലാ തുരുത്തിലുമാണ് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്. പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നിര്‍ദ്ദേശം നല്‍കി. 

കാരണക്കോടം തോടിന്റെ നീരൊഴുക്ക് തടസ്സപ്പെട്ടത് പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന പരാതികള്‍ക്ക് പുനരുദ്ധാരണ പ്രവര്‍ത്തിയിലൂടെ പരിഹാരം കാണാനാകുമെന്നാണ് കരുതുന്നത്. 

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ആരംഭിച്ച ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വിന് കീഴില്‍ 36 പ്രവര്‍ത്തികളാണ് ഇതുവരെ ആരംഭിച്ചത്. ഒന്നാംഘട്ടത്തില്‍ ആകെ 202 പ്രവര്‍ത്തികളാണുള്ളത്. കാനകളും തോടുകളും വൃത്തിയാക്കുക, വീതി കൂട്ടുക, പുതിയത് നിര്‍മ്മിക്കുക, അറ്റകുറ്റപണി നടത്തുക എന്നിവയാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ ദിവസവും ജില്ലാ കളക്ടര്‍ എസ്.സുഹാസ് വിവിധ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ തീരുന്ന മുറയ്ക്ക് അടുത്ത ഘട്ടം ആരംഭിക്കും.