ചേരാനല്ലൂര്‍ - ഏലൂര്‍ - ചൗക്ക പാലത്തിന്റെ നിര്‍മ്മാണത്തിനായി 11 കോടി 70 ലക്ഷം രൂപയുടെ ഭരണാനുമതി

post

എറണാകുളം:  ജില്ലയിലെ മുട്ടാര്‍ പുഴക്കു കുറുകെയുള്ള  ചേരാനല്ലൂര്‍ - ഏലൂര്‍ - ചൗക്ക പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി 70  ലക്ഷം രൂപയുടെ ഭരണാനുമതി. പി ഡബ്ല്യു ഡി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ചീഫ് എന്‍ജിനീയറുടെ സാങ്കേതിക അനുമതിയും നിര്‍മ്മാണത്തിനു ലഭിച്ചു. 

പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ വിളിച്ചായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക.  ഏലൂര്‍, വരാപ്പുഴ ചേരാനല്ലൂര്‍ വില്ലേജുകളിലായി ഭൂമി ഇതിനായി ഏറ്റെടുക്കാനും അനുമതി നല്‍കി. സ്ഥലമെടുപ്പിനായി  5 കോടി രൂപ നീക്കി വയ്ക്കും.

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ചേരാനല്ലൂര്‍ - ഏലൂര്‍ - ചൗക്ക പാലം നിര്‍മ്മാണത്തിനായി 2016ല്‍ ഭരണാനുമതി ലഭിച്ചിരുന്നു. പ്രവര്‍ത്തികള്‍ കരാര്‍ നല്‍കുന്ന നടപടികളും പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വിട്ടു നല്‍കുന്ന സ്ഥലമുടമകള്‍ പണം ലഭിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. പാലത്തിന്റെ രൂപരേഖയില്‍ വരുത്തിയ മാറ്റം അനുവദിക്കാനാകില്ലെന്നും കരാര്‍ തുടരാനാകില്ലെന്ന് കാണിച്ച് കരാറുകാരനും കോടതിയെ സമീപിച്ചിരുന്നു. അതിനിടയില്‍ നബാര്‍ഡിന്റെ കാലാവധി കഴിഞ്ഞതു മൂലം ഇവരും ഒഴിവായി. പിന്നീട് 2020 ല്‍ സ്ഥലമേറ്റെടുക്കാന്‍ ഭരണാനുമതി ലഭിക്കുകയായിരുന്നു. അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. ഏലൂര്‍ നിവാസികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതാണ് പുതിയതായി നിര്‍മ്മിക്കുന്ന പാലം. ഏലൂര്‍ ഭാഗത്തുനിന്ന് ചേരാനല്ലൂര്‍ ഹൈവേയിലേക്ക് കടക്കാനുള്ള മാര്‍ഗം കൂടിയാകും ഇത്.