ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പാക്കി സാമൂഹ്യനീതി വകുപ്പ്

post

പത്തനംതിട്ട : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, മറ്റ് അവശ വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്.

ജില്ലയില്‍ ഒരു സര്‍ക്കാര്‍ വൃദ്ധ മന്ദിരം ഉള്‍പ്പെടെ 49 ക്ഷേമ സ്ഥാപനങ്ങള്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. 36 ഓള്‍ഡേജ് ഹോം, നാല് ബെഗര്‍ ഹോം, അഞ്ച് ഡിഫറന്റ്‌ലി ഏബിള്‍ഡ് ഹോം, നാല് സൈക്കോ സോഷ്യല്‍ ഹോം എന്നിവയാണു പ്രവര്‍ത്തിക്കുന്നത്. ഇവിടെ 1649 താമസക്കാരുണ്ട്. 142 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും 800 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും  ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നല്‍കി. ഭിന്നശേഷി സ്ഥാപനങ്ങളിലെ അഞ്ഞൂറോളം താമസക്കാരില്‍ വാക്‌സിന്‍ എടുക്കുവാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 

ഭിന്നശേഷിക്കാരുടെയും അവരുടെ രക്ഷകര്‍ത്താക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ജില്ലയില്‍ സഹജീവനം എന്ന പേരില്‍ സഹായ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. സ്‌പെഷല്‍ സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍, ബി.ആര്‍.സി, എസ്.എസ്.കെ തുടങ്ങിയ സ്ഥാപനങ്ങളിലെ സ്‌പെഷല്‍ ടീച്ചേഴ്‌സ്, സ്‌പെഷല്‍ എഡ്യൂക്കേറ്റേഴ്‌സ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മറ്റിയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റേയും ആഭിമുഖ്യത്തില്‍ 30,000 വരുന്ന ഭിന്നശേഷിക്കാരെ നേരിട്ട് വിളിച്ച് അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞു സഹായം എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ അവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നു. കോവിഡ് വാക്‌സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് ഇതിലൂടെ സാധിക്കും. വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കു സഹായം എത്തിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാ ദാസ് അറിയിച്ചു.

കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സംഘടിപ്പിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്തു. ആവശ്യക്കാരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുന്നു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ഓഫീസ് മുഖേന നേരിട്ടു ബന്ധപ്പെടുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംരക്ഷണം  ആവശ്യമായി വരുന്ന വയോജനങ്ങള്‍, അവശത അനുഭവിക്കുന്നവര്‍ എന്നിവരെ ജില്ലയിലെ വകുപ്പിന്റെ വിവിധ ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിച്ചു സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കോവിഡ് കാലത്തെ അതിജീവിക്കാന്‍ ഫുഡ് കിറ്റ് വിതരണം ചെയ്തു.

ജില്ലയില്‍ വീടുകളില്‍ കഴിയുന്ന രണ്ടു ലക്ഷത്തോളം വരുന്ന വയോജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷമായി വയോക്ഷേമ കാള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മേയ് മാസത്തില്‍ 2783 വയോജനങ്ങളെ വിളിച്ച് ക്ഷേമം അന്വേഷിക്കുകയും 74 പേര്‍ തിരിച്ച്  വിളിക്കുകയുമുണ്ടായി. ഇതിലൂടെ അവരുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കാന്‍ കഴിയുന്നുണ്ട്. കൂടാതെ വയോജനങ്ങള്‍ക്ക് കോവിഡ വാക്‌സിനേഷന് വേണ്ടി രജിസ്‌ട്രേഷന്‍ കാള്‍ സെന്റര്‍ ഹെല്‍പ്പ് ഡെസ്‌കിലൂടെ നടത്തി വരുന്നു. ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ 0468 2320100.