മാലിന്യ സംസ്‌ക്കരണം; ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണം

post

കൊല്ലം: നഗരമാലിന്യം യഥാസമയം നീക്കി ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിലും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകള്‍  ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ജൈവ-അജൈവ മാലിന്യങ്ങളുടെ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച ഉത്തരവുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും നല്‍കിയിരുന്നു. ജില്ലാ ആസ്ഥാനമായ കോര്‍പ്പറേഷന്‍ പരിധിയില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന തരത്തില്‍ മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നതും തെരുവോരങ്ങളിലും ഓടകളിലും ജലാശയങ്ങളുടെ സമീപത്തും നിക്ഷേപിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട.്

ജൂണ്‍ 10 മുതല്‍ 30 വരെയുള്ള കാലയളവില്‍ നഗരപരിധിയിലെ മാലിന്യ നിക്ഷേപം നീക്കം ചെയ്ത് സംസ്‌കരിക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെങ്കില്‍ കൊല്ലം തഹസീല്‍ദാര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കും. ഇതിന്റെ ചെലവുകള്‍ നഗരസഭാ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പടുത്തി. മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്തം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.

ജൂലൈ 12 ന് ചേരുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ കൊല്ലം നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരായി മാലിന്യ സംസ്‌ക്കരണത്തില്‍ കൈക്കൊണ്ട നടപടികളും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളും സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.