പരാതിരഹിത വോട്ടെണ്ണൽ ഉറപ്പാക്കണം
തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബർ 13ന് രാവിലെ എട്ടുമുതൽ ആരംഭിക്കുന്ന വോട്ടെണ്ണലിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും പരാതി രഹിത വോട്ടെണ്ണൽ ഉറപ്പാക്കണമെന്നും ജില്ല കളക്ടർ എൻ ദേവിദാസ്. വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്കായി കളക്ടറേറ്റിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവേ വോട്ടെണ്ണൽ ദിനം ആദ്യം എണ്ണേണ്ടത് പോസ്റ്റൽ ബാലറ്റുകളാണെന്നും വ്യക്തമാക്കി. ഫോം 16 ഇല്ലാത്തവ, അപൂർണമായ വിവരങ്ങൾ, സാക്ഷ്യപത്രങ്ങൾ കൃത്യമല്ലാത്ത പോസ്റ്റൽ ബാലറ്റുകൾ അസാധുവാകും. അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ കേന്ദ്രങ്ങൾ കൃത്യസമയത്ത് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തുറക്കണം.
ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകളുടെ എണ്ണം ഫോം 24 ലെ രണ്ടാം ഭാഗത്തിൽ രേഖപ്പെടുത്തണം. വോട്ടെണ്ണൽ സംബന്ധിച്ച തിരഞ്ഞെടുപ്പ് രേഖകൾ സീൽ ചെയ്ത് ആറു മാസം വരെ സൂക്ഷിക്കണം; വോട്ടിംഗ് മെഷീനോടൊപ്പമുള്ള ഡി.എം.എം (ഡിറ്റാച്ചബിൾ മെമ്മറി മൊഡ്യൂൾ) ട്രഷറിയിൽ സൂക്ഷിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെൻഡ് സോഫ്റ്റ് വെയറിൽ തത്സമയം വിവരങ്ങൾ രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എ ഡി എം ജി നിർമൽ കുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, സൂപ്രണ്ട് രമേശ് മാധവൻ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.










