പാരമ്പര്യേതര ഊര്‍ജ സ്രോതസുകളെ ആശ്രയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം

post

പത്തനംതിട്ട :  പരമ്പരാഗത ജല വൈദ്യുത പദ്ധതികളിലോ മറ്റ് പദ്ധതികളിലോ മാത്രം ആശ്രയിക്കാതെ പാരമ്പര്യേതര ഊര്‍ജ സ്രോതസുകളെ കൂടി ആശ്രയിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ജില്ലാ വ്യാവസായിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ഹോട്ടല്‍ തിലകില്‍ നടന്ന പാരമ്പര്യേതര ഊര്‍ജോദ്പാദനവും ഊര്‍ജ സംരക്ഷണവും എന്ന വിഷയത്തില്‍ ദ്വിദിന സാങ്കേതിക ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ നടത്തുന്ന ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രതിബന്ധതയാണ്. ഉപജീവന മാര്‍ഗത്തോടൊപ്പം നാടിന്റെ ആവശ്യം കൂടിയാണു നിറവേറ്റുന്നത്. ആവശ്യമില്ലാതെ ഊര്‍ജം നഷ്ടപ്പെടുത്തിക്കളയുന്നത് ഒഴിവാക്കിയാല്‍ അത്രയും ഊര്‍ജം ഉദ്പാദിപ്പിക്കുന്നതിനു തുല്യമാണെന്നും എം.എല്‍.എ പറഞ്ഞു.
തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം പത്തനംതിട്ട ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, മധ്യതിരുവിതാംകൂര്‍ ലേബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ഫാ.ഡോ.എബ്രഹാം മുളമൂട്ടില്‍, കെ എസ് എസ് ഐ ഐ പത്തനംതിട്ട പ്രസിഡന്റ് മോര്‍ളി ജോസഫ്, വ്യവസായ കേന്ദ്രം മാനേജര്‍ ലിസിയമ്മ സാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാരമ്പര്യേതര ഊര്‍ജോദ്പാദനത്തിന്റെ ശ്രോതസ്, വ്യവസായ മേഖലയില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത, സൗരോര്‍ജം ഉദ്പാദനവും സംരക്ഷണവും, വീടുകളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും മേല്‍ക്കൂരകളില്‍ മേല്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കലും  വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേക പദ്ധതി, ബ്രാന്‍ഡിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, അജൈവ മാലിന്യങ്ങളുടെ പുനരുത്പാദനം എന്നീ വിഷയങ്ങളില്‍ അവതരണം നടത്തി.