വയോധികയുടെ ധീരതയ്ക്ക് പോലീസിന്റെ ബിഗ് സല്യൂട്ട്

post

 പത്തനംതിട്ട : റോഡിലൂടെ നടന്നുപോകവേ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച മോഷ്ടാവിനെ  ചെറുത്തുതോല്‍പ്പിച്ച വയോധികയുടെ മനസ്സാന്നിധ്യത്തോടെയുള്ള ധീരപ്രവൃത്തിക്ക് പോലീസിന്റെ ആദരം. കോയിപ്രം തെള്ളിയൂര്‍ അനിതനിവാസില്‍ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പോലീസ് ആദരിച്ചത്. ജില്ലാ പോലീസ് അഡിഷണല്‍ എസ് പി ആര്‍. രാജന്‍, ഇവരുടെ തെള്ളിയൂരിലുള്ള വീട്ടിലെത്തി ഇന്ന് വൈകുന്നേരം ജില്ലാപോലീസ് മേധാവിയുടെ  അനുമോദന പത്രം കൈമാറി. ഏഴുമറ്റൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം കഴിഞ്ഞ 31 നാണ് സംഭവം. റോഡിലൂടെ നടന്നുപോയ രാധാമണിയമ്മയെ എതിരെ ബൈക്കിലെത്തിയ മോഷ്ടാവ് കഴുത്തില്‍ കടന്നുപിടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചുപോയ അവര്‍, മനസാന്നിധ്യം കൈവിടാതെ കള്ളന്റെ കൈയില്‍ മുറുകെ പിടിച്ചു നിര്‍ത്തുകയും മാല പറിച്ചുകടന്നുകളയാനുള്ള ശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു. നിരവധി മോഷണ കേസുകളിലും, കവര്‍ച്ച കേസുകളിലും പ്രതിയും, പോലീസിന് എന്നും തലവേദനയുമായ ബിനു തോമസ് ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. വാഹനങ്ങള്‍ മോഷ്ടിക്കുന്നതും ഹരമാണ് ഇയാള്‍ക്ക്. സഹായിക്കാന്‍ ആരുമില്ലാത്ത ചുറ്റുപാടിലും മനസാന്നിധ്യം കൈവിടാതെയും കള്ളന്റെ പിടി വിടുവിക്കാതെയും കീഴടക്കാന്‍ കാട്ടിയ ആത്മധൈര്യo സമൂഹത്തിന് മുഴുവനും വിശിഷ്യാ സ്ത്രീസമൂഹത്തിന് ആവേശവും പ്രചോദനവും പകര്‍ന്നുനല്‍കുന്നതാണെന്ന ജില്ലാ പോലീസ് മേധാവിയുടെ സന്ദേശമടങ്ങിയ അനുമോദനപ്പത്രമാണ് അഡിഷണല്‍ എസ് പി സമ്മാനിച്ചത്. മോഷ്ടാവിന്റെ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ പൂര്‍ണമായും മുക്തമായിട്ടില്ലാത്ത രാധാമണിയമ്മ പോലീസിന്റെ വലിയ സമ്മാനത്തില്‍ഏറെ അഭിമാനം കൊള്ളുകയാണ്. മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുമോദനങ്ങള്‍ കലവറയില്ലാതെ ചൊരിഞ്ഞതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് ഈ വയോധിക.