കേരളത്തെ രോഗവിമുക്തമാക്കി മാറ്റുകയാണു സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ.രാജു

post

പത്തനംതിട്ട: കേരളത്തെ രോഗവിമുക്തമാക്കി മാറ്റുകയാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ കെ.രാജു പറഞ്ഞു. പത്തനംതിട്ട മുന്‍സിപ്പല്‍ ഓപ്പണ്‍ സ്റ്റേജില്‍ ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗവിമുക്തമായ മനുഷ്യരുള്ള ഒരു സംസ്ഥാനമായി കേരളം മാറണമെങ്കില്‍ മാലിന്യമുക്തം കൂടിയാകണം. അതിന് എല്ലാവരുടേയും ഭാഗത്തു നിന്നുള്ള ബോധപൂര്‍വമായ സഹകരണം കൂടിയേ മതിയാകൂ. മാലിന്യ നിവാരണം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണ്. മാലിന്യ നിര്‍മ്മാര്‍ജനത്തിലൂടെ മാത്രമേ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുവാന്‍ കഴിയൂ. ഇതു ജനങ്ങളില്‍ എത്തിക്കുവാനും എല്ലാ ജനങ്ങളേയും ഭാഗവാക്കാക്കി ആരോഗ്യ കേരളത്തെ വാര്‍ത്തെടുക്കുവാനാണു ജനകീയ ക്യാമ്പയിനുകള്‍ നടത്തുന്നത്. 

ആര്‍ദ്രം മിഷന്റെ വിജയം ജനങ്ങളുടെ ജീവിതവിജയം കൂടിയാണ്. ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന കാമ്പയിനല്ല ഇതെന്നും ഇതിന് തുടര്‍ച്ചയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

റവന്യു ബ്ലോക്കുകളില്‍ നിന്നുള്ള ടീമുകളെ ഉള്‍പ്പെടുത്തിയുള്ള വോളിബോള്‍ മത്സര വിജയികള്‍ക്കു മന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു. ദേശീയ ഗുണനിലവാരമുള്ള സര്‍ട്ടിഫിക്കറ്റിന് അര്‍ഹമായ ഓതറ കുടുംബാരോഗ്യ കേന്ദ്രത്തെ മന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. 

കാമ്പയിനിന്റെ ഭാഗമായി പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നും  മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിലേക്ക് കൂട്ടനടത്തം സംഘടിപ്പിച്ചു. കൂട്ടനടത്തം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടൊപ്പം സൈക്ലിംഗ്, റോളര്‍ സ്‌കേറ്റിംഗ്, ഫ്‌ളാഷ്‌മോബ്, തെരുവുനാടകം തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു.