രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകാനൊരുങ്ങി അമ്പലമുഗളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രി

post

എറണാകുളം: രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രമാകാനൊരുങ്ങി അമ്പലമുഗളിലെ  താത്കാലിക ഗവ. കോവിഡ് ആശുപത്രി. ആദ്യഘട്ടത്തിൽ 100 ഓക്സിജൻ കിടക്കകളുമായി  പ്രവർത്തന സജ്ജമായ ആശുപത്രിയിൽ ഞായറാഴ്ച മുതൽ ചികിത്സ ആരംഭിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂർത്തിയാക്കുന്നതിനായാണ് ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം രണ്ട് ദിവസം വൈകി ആരംഭിച്ചതെന്ന് ആശുപത്രി സന്ദർശിച്ച ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. 

സംസ്ഥാന സർക്കാർ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ  വിഭാവനം ചെയ്ത താത്കാലിക ഗവ. കോവിഡ് ആശുപത്രി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിക്കുന്നത്. ആശുപത്രി രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുമെന്ന് പറഞ്ഞ കളക്ടർ  ബി.പി.സി.എൽന്റെ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കുന്നതിലൂടെ ഓക്സിജന്റെ ഗതാഗത പ്രശ്നങ്ങളും ക്ഷാമവും മറികടക്കാൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു. ഓക്സിജന് പുറമേ വൈദ്യുതി, വെള്ളം മറ്റ് സൗകര്യങ്ങൾ എന്നിവ ബി.പി.സി.എൽ സൗജന്യമായാണ് ലഭ്യമാക്കുന്നത്.

ഈ ബ്രഹത്ത് ഉദ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും കളക്ടർ നന്ദി പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ  ജില്ലാ കളക്ടർ വിലയിരുത്തി. അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും എട്ട് ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാർ, 240 നഴ്സുമാർ ഉൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും