നിയമസഭാ തിരഞ്ഞെടുപ്പ് 2021 ; കളക്ട്രേറ്റില്‍ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം തുറന്നു

post

ഇടുക്കി : വന്‍ സജ്ജീകരണങ്ങളോടെ ജില്ലാ കളക്ടറേറ്റില്‍ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ 562 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളുടെ നിരീക്ഷണത്തിന് 26 ഉദ്യോഗസ്ഥരെ കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ചിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന് 24 ബൂത്തുകള്‍ നിരീക്ഷിക്കുന്നതിനുള്ള സാങ്കേതിക സംവിധാനവും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്. വെബ് കാസ്റ്റിംഗിലെ സാങ്കേതിക-വൈദ്യുത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍, കെഎസ്ഇബി ഉദ്യോഗസ്ഥരെയും ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.  ബൂത്തുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പ്രസ്തുത വിഭാഗത്തിലെ നിരീക്ഷകരെ അറിയിക്കും. വെബ് കാസ്റ്റിംഗ് സംവിധാനത്തിലെ  സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വെബ് കാസ്റ്റിംഗ് ഓപ്പറേറ്റര്‍ മാരെയും നിയോഗിച്ചിട്ടുണ്ട്. വൈബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളില്‍ ഓരോ ഓപ്പറേറ്റര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമേ എല്ലാ നിയോജക മണ്ഡലത്തിലും സാങ്കേതിക പ്രശ്‌നം പരിഹരിക്കുന്നതിനായി 10 അംഗ ടീമുകളെയും സജ്ജീകരിച്ചിട്ടുണ്ട്. വെബ്കാസ്റ്റിംഗ് നടക്കുന്ന ബൂത്തികളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറക്ക് ഇവരുടെ സേവനം ലഭ്യമാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കും.  ഇതിന് ജില്ലാ കണ്ട്രോള്‍ റൂമില്‍ നിന്ന് നേരിട്ട് നിര്‍ദേശം നല്‍കുന്ന രീതിയിലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ് കാസ്റ്റിംഗ് ലൈവ് സ്ട്രീമിംഗ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിട്ടുള്ളത്. പോളിംഗ് ശതമാനവും വിവരങ്ങളും സംസ്ഥാന തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കുന്ന പോള്‍മാനേജര്‍ ആപ്ലിക്കേഷനും,  ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്ലിക്കേഷനുകളിലും   സാങ്കേതിക  കാരണങ്ങളാല്‍ പോളിംഗ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്ത ബൂത്തുകളിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതും ജില്ലാ കളക്ട്‌റേറ്റിലെ കണ്ട്രോള്‍ റൂമില്‍ നിന്നാണ്. സെക്ടറല്‍ ഓഫീസര്‍മാരുടെ കൈവശമുള്ള ഇവിഎം മെഷീന്‍ ട്രേസ് ചെയ്യുന്നതിന് ഇലക് ട്രേസ് എന്ന ആപ്ലിക്കേഷന്റെ നിരീക്ഷണവും കളക്ട്‌റേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. ഇന്‍ഫര്‍മേഷന്‍ കേരള, അക്ഷയ ജില്ലാ ഓഫീസ്, ഐ ടി മിഷന്‍ കേരള, കെസ്വാന്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ചിട്ടുളളത്. ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ നോഡല്‍ ഓഫിസര്‍ ഷംനാദ് സി.എം ആണ്.