ദേശീയ ബാലികാദിനാചരണം :സിഗ്‌നേച്ചര്‍ കാമ്പയിനും സൈക്കിള്‍ റാലിയും

post

പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും തിരുവല്ല റെയില്‍വേ സ്റ്റേഷന്റെയും കിടങ്ങന്നൂര്‍ എസ്.വി.ജി.വി.എച്ച്.എസ്.എസിന്റെയും സഹകരണത്തോടെ ദേശീയ ബാലികാ ദിനാചരണത്തോട് അനുബന്ധിച്ച് സിഗ്‌നേച്ചര്‍ കാമ്പയിനും സൈക്കിള്‍ റാലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കരുത്ത് പകരുന്നതിനും, അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനും പെണ്‍ ശിശുഹത്യ മുതല്‍ ലൈംഗിക ചൂഷണം വരെയുള്ള  പ്രതിസന്ധികളെ പ്രതിരോധിക്കാനുമുളള ആഹ്വാനമാണ് ബാലികാ ദിനം മുന്നോട്ട് വയ്ക്കുന്നത്.

തിരുവല്ലാ റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാമ്പയിന്‍ അഡ്വ. മാത്യൂ റ്റി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ പി.കെ ഷാജി അധ്യക്ഷത വഹിച്ചു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തകരായ ബിനി ജിതിന്‍, നിഷാ മാത്യൂ, പി എസ് സ്മിത, എം ആര്‍  രഞ്ചിത്ത് എന്നിവര്‍ പങ്കെടുത്തു.ആറന്മുള ഐക്കര ജംഗ്ഷനില്‍ നിന്നും കിടങ്ങന്നൂര്‍ എസ്.വി.ജി.വി.എച്ച്.എസ്.എസ് വരെ സ്‌കൗട്ട് ആന്‍ഡ്  ഗൈഡ്സ്, റെഡ്ക്രോസ്, എന്‍.എസ്.എസ് യൂണിറ്റുകളിലെ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ ബാലികാദിന സന്ദേശവും ബോധവത്ക്കരണ ക്വിസ് മത്സരവും പാംലെറ്റ് വിതരണവും സംഘടിപ്പിച്ചു.