തലമുറകളുടെ കാത്തിരിപ്പിനു വിരാമം, കുണ്ടളക്കുടി നിവാസികള്‍ക്കു സാഫല്യം

post

ഇടുക്കി : ഒരു തുണ്ട് ഭൂമിയുടെ അവകാശിയാവാനായി തലമുറകളുടെ കാത്തിരിപ്പിനു വിരാമമിടുകയാണ് ദേവികുളം കുണ്ടളകുടി നിവാസികള്‍. കുണ്ടളക്കുടി പഞ്ചായത്തംഗം എസ് എന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് തങ്ങളുടെ പട്ടയം വാങ്ങുവാന്‍ കട്ടപ്പനയിലെ ജില്ലാ മെഗാ പട്ടയമേളയില്‍ എത്തിയത്. 

2001 മുതല്‍ പട്ടയം ലഭിക്കുന്നതിനായി പലവിധ ഓഫീസുകള്‍ കയറി ഇറങ്ങി. ഈ സര്‍ക്കാരിനോട് അത്യധികം നന്ദിയും അതിലേറെ സന്തോഷവും ഉണ്ടെന്നു കുണ്ടളക്കുടി നിവാസിയും ഊരുകൂട്ടം പ്രസിഡന്റുമായ  കന്തസാമി പറഞ്ഞു. ഇവിടെ വരുമ്പോള്‍ പത്തു ഏക്കറോളം സ്ഥലമുണ്ടായിരുന്നു. ശേഷം മക്കള്‍ക്ക് ഒക്കെ നല്‍കി. ഇപ്പൊ കൈവശം പട്ടയം ലഭിച്ചിരിക്കുന്നത് അഞ്ചു സെന്റിനാണ്. കുണ്ടളക്കുടിയിലെ  അമരാവതി, ദേവരാജ്, ചിന്നസാമി, കന്തസാമി, രാമന്‍, ചന്ദ്രാദേവി, അഞ്ജലാ ദേവി എന്നീ ഏഴു കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിച്ചത്.  ഇവരുടെ മക്കള്‍ക്കും മറ്റുമായി ഇനി 32 കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി പട്ടയം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കന്തസാമി പറഞ്ഞു.