അര്‍ഹതപ്പെട്ടവര്‍ക്ക് നിയമാനുസൃതമായി ലഭിക്കേണ്ട ഭൂമി സര്‍ക്കാര്‍ നല്‍കും

post

പത്തനംതിട്ട : അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നിയമാനുസൃതമായി ലഭിക്കേണ്ട ഭൂമി സര്‍ക്കാര്‍ നല്‍കുമെന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.  ജില്ലാതല പട്ടയമേള പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റല്‍ ഫോറസ്റ്റിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ ജില്ലയില്‍ നാലായിരത്തോളം പട്ടയങ്ങള്‍ താമസിയാതെ വിതരണം ചെയ്യുവാനാകും. എന്‍വയോണ്‍മെന്റല്‍ ഫോറസ്റ്റിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ പത്തനംതിട്ട ജില്ലയില്‍ മെയ് മാസത്തില്‍ മറ്റൊരു പട്ടയമേള നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു ലക്ഷത്തി നാല്‍പതിനായിരം പട്ടയങ്ങള്‍ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഭൂമിക്ക് പട്ടയം കിട്ടാന്‍ അര്‍ഹതയുള്ള ഒരുപാട് കുടുംബങ്ങള്‍ ഇനിയും ബാക്കിയുണ്ട്. അവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ ഒരു വര്‍ഷം കൂടി സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്. പട്ടയമേളയില്‍ മാത്രം അവസാനിക്കുന്ന ഒന്നല്ല പട്ടയ വിതരണം. ചുട്ടിപ്പാറ വടക്കേച്ചരുവില്‍ വീട്ടില്‍ മുഹമ്മദ് ഹനീഫയ്ക്ക് പട്ടയം നല്‍കിയാണു മന്ത്രി പട്ടയ വിതരണോദ്ഘാടനം നിര്‍വഹിച്ചത്. ആകെ 511 പട്ടയങ്ങളാണു വിതരണം ചെയ്തത്.