പകര്‍ച്ചവ്യാധി പ്രതിരോധം: ജില്ലയില്‍ ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ നടത്തുന്നു

post

പത്തനംതിട്ട : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ ജാഗ്രത പരിപാടി നടത്തുന്നു. പരിപാടിയുടെ ഭാഗമായി 'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം' എന്ന ക്യാമ്പയിന്‍ ജില്ലയില്‍ നടത്തും. ക്യാമ്പയിനുമായി ബന്ധപ്പെട്ട ജില്ലാതല കോര്‍കമ്മറ്റി യോഗം ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍  വിവിധ വകുപ്പ് ഉദ്യോഗരുമായി ഓണ്‍ലൈനായി ചേര്‍ന്നു.

തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലും വാര്‍ഡ് തലത്തിലുമുള്ള സമിതികള്‍ യഥാസമയം പൊതുജന പങ്കാളിത്തത്തോടെ ചേര്‍ന്ന് ശുചിത്വ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. കൊതുക് നിര്‍മാര്‍ജന യജ്ഞം ഊര്‍ജിതമാക്കണമെന്നും ജല ശ്രോതസുകളും തോടുകളും ഓടകളും ശുചീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. റബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ കൊതുക് വളരുന്നത് ഒഴിവാക്കാന്‍ അവ കമഴ്ത്തി വയ്ക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം ശുചീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ക്യാമ്പയിന്റെ പ്രധാന പ്രവര്‍ത്തന ലക്ഷ്യങ്ങള്‍

വീടും സ്ഥാപനങ്ങളും പൊതുഇടങ്ങളും മാലിന്യ മുക്തമാക്കി പകര്‍ച്ച വ്യാധികളെ തടയുക. മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും സംസ്‌കരണം ശാസ്ത്രീയമാക്കുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുക. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി വാതില്‍പ്പടി ശേഖരണം നടത്തുക. ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുക. ഡ്രൈ ഡേ ആചരിക്കുന്നതിലൂടെ 'കൊതുക് വിമുക്ത വീടുകള്‍' എന്ന ആശയം നടപ്പിലാക്കുക.

ക്യാമ്പയിന്‍ ആസൂത്രണം ഇങ്ങനെ

  50 വീടുകളെ/സ്ഥാപനങ്ങളെ ഒരു ക്ലസ്റ്റര്‍ ആക്കി മാറ്റി ഓരോ ക്ലസ്റ്ററിനും നാല് അംഗങ്ങള്‍ വീതമുള്ള ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ശുചിത്വ മാപ്പിംഗും മൈക്രോ ലെവല്‍ കര്‍മ്മ പരിപാടികളും വാര്‍ഡ് തലത്തില്‍ ഏറ്റെടുക്കണം. വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ക്യാമ്പയിന്‍ ഏറ്റെടുക്കണം. തദ്ദേശ സ്ഥാപനതലത്തില്‍ ഇത് ഏകോപിപ്പിക്കണം. തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ ചെയര്‍മാന്മാരായും മെഡിക്കല്‍ ഓഫീസര്‍മാര്‍ കണ്‍വീനറായുമുള്ള ആരോഗ്യ ജാഗ്രതാ സമിതികളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും  ഏകോപനം ഉറപ്പുവരുത്തുകയും വേണം.

ഇതര വകുപ്പുകളും അവയുടെ പ്രധാന ചുമതലകളും

തദ്ദേശ സ്വയംഭരണ വകുപ്പ്:  പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള വാര്‍ഡ്തല / തദ്ദേശ സ്വയംഭരണ സ്ഥാപനതല പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം, അവലോകനം, ഫ്ളെക്സ് നിരോധനം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം എന്നിവ ഫലപ്രദമായി നടപ്പിലാക്കുക.

ആരോഗ്യ വകുപ്പ്: രോഗ നിരീക്ഷണം, കൊതുക് നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം തുടങ്ങിയവ നിരന്തരമായി നടത്തി ഇവ സംബന്ധിച്ച പ്രതിദിന / പ്രതിവാര റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത് രോഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുപിടിക്കല്‍, തുടര്‍ നടപടികള്‍ സ്വീകരിക്കല്‍. പകര്‍ച്ച വ്യാധികള്‍ കൂടുതലുള്ള സീസണില്‍ പനി വാര്‍ഡ്, ഔട്ട് റീച്ച് ക്ലീനിക്ക്, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവ സജ്ജീകരിക്കല്‍. ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ പ്രത്യേക കര്‍മ്മ പരിപാടികള്‍. മഴക്കാല പൂര്‍ച്ച ശുചീകരണം, കൊതുക് നിയന്ത്രണം, ജല ശുദ്ധീകരണം, പ്രതിവാര ഡ്രൈ ഡേ ആചരണം തുടങ്ങിയവയ്ക്ക് ഇതര വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുക, ഫീല്‍ഡ്തല സ്‌ക്വാഡുകള്‍ രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജന പ്രതിനിധികള്‍ക്കും മറ്റുള്ളവര്‍ക്കും ആവശ്യമായ ബോധവല്‍ക്കരണവും പരിശീലനവും നല്‍കുക.


വിദ്യാഭ്യാസ വകുപ്പ്: ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റി പരിശീലകര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് മഴക്കാല പൂര്‍വ്വ ശുചിത്വ ക്യാമ്പയിനെക്കുറിച്ച് അവബോധം നല്‍കുക. സ്‌കൂള്‍ തലത്തില്‍ മാലിന്യ പരിപാലനം അടക്കമുള്ള ശുചിത്വാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് പുതിയ അക്കാഡമിക് വര്‍ഷത്തേയ്ക്കുള്ള പ്ലാന്‍ തയ്യാറാക്കുക.


കൃഷി വകുപ്പ്: രോഗ പ്രതിരോധ നിയന്ത്രണ കാര്യങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്കിടയിലും ക്ഷീര കര്‍ഷകര്‍ക്കിടയിലും അവബോധമുണ്ടാക്കുക. കുഴി കമ്പോസ്റ്റിംഗ്, മണ്ണിര കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റുകള്‍ തുടങ്ങിയ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക. കൃഷിത്തോട്ടങ്ങള്‍, പൂന്തോട്ടങ്ങള്‍ നഴ്സറികള്‍, മഴക്കുഴികള്‍, മഴവെള്ള സംഭരണികള്‍, ടാങ്കുകള്‍ തുടങ്ങിയവയില്‍ കൊതുകള്‍ പെരുകുന്നില്ലെന്നു ഉറപ്പുവരുത്തുക.


സാമൂഹ്യ നീതി വകുപ്പ്: ഗൃഹ സന്ദര്‍ശനവും സ്ഥാപന സന്ദര്‍ശനവും നടത്തുവാന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ തുടങ്ങിയവരേയും വോളന്റിയമാരേയും സൂപ്പര്‍വൈസര്‍മാരേയും നിയോഗിക്കുക. അങ്കണവാടി വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസുകളും ബോധവല്‍ക്കരണവും നടത്തുക. അങ്കണവാടികളിലും മറ്റ് സ്ഥാപനങ്ങളിലും കൊതുക്, ഈച്ച, എലി തുടങ്ങിയവയുടെ ഉറവിടങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക.


മൃഗ സംരക്ഷണം, ക്ഷീര വികസന വകുപ്പുകള്‍: ജന്തുജന്യ രോഗ പ്രതിരോധത്തിനാവശ്യമായ ബോധവല്‍ക്കരണം ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുക.


പൊതുമരാമത്ത്, ഇറിഗേഷന്‍ വകുപ്പുകള്‍: ഓടകള്‍, കനാലുകള്‍, ജലസംഭരണികള്‍ തുടങ്ങിയ ശ്രോതസുകളില്‍ മാലിന്യ നിര്‍മ്മാര്‍ജനം നടത്തുക.


ജല അതോറിറ്റി/ജല വിഭവം വകുപ്പ്: ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുക.


തൊഴില്‍ വകുപ്പ്: ആരോഗ്യകരമായ ചുറ്റുപാടിലും പകര്‍ച്ചവ്യാധി സാധ്യതയില്ലാത്ത അന്തരീക്ഷത്തിലുമാണ് തൊഴിലാളികള്‍ താമസിക്കുന്നതും പണിയെടുക്കുന്നുതും എന്ന് ഉറപ്പ് വരുത്തുക.


ശുചിത്വ മിഷന്‍: ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രചരിപ്പിക്കുക. പ്ലാസ്റ്റിക്ക് നിരോധനം, ഫ്ളെക്സ് നിരോധനം എന്നിവ ഫലപ്രദമായ നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കല്‍.


ഹരിത കേരളം മിഷന്‍: ജില്ലാടിസ്ഥാനത്തില്‍ ഏകോപനം നടത്തുക.


കുടുംബശ്രീ മിഷന്‍: മാലിന്യമുക്ത അയല്‍ക്കൂട്ട കുടുംബ പരിസരം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തന പരിപാടി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുക. അജൈവ മാലിന്യ ശേഖരണം നീക്കം ചെയ്യല്‍, പുന:ചംക്രമണം. ഓരോ അയല്‍ക്കൂട്ട കുടുംബവും ഉറവിട മാലിന്യ സംസ്‌കരണവും അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് സംഭരിച്ച് കൈമാറുന്നതിലൂടെ മാലിന്യ മുക്ത പരിസരം ഉറപ്പാക്കണം. അയല്‍ക്കൂട്ട ഭാരവാഹികളുടെ നേതൃത്വത്തില്‍ ഓരോ വീടും സന്ദര്‍ശിച്ച് വിലയിരുത്തണം.


പോലീസ് വകുപ്പ്: പൊതുജലാശലത്തിലോ ജല മാര്‍ഗ്ഗത്തിലോ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക. പ്ലാസ്റ്റിക്ക് നിരോധനം, ഫ്ളെക്സ് നിരോധനം എന്നിവ നടപ്പിലാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുക.


ക്യാമ്പയിനുമായി ബന്ധപ്പെട്ട ജില്ലാതല കോര്‍കമ്മറ്റി  യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡിസ്ട്രിക്റ്റ് സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ.അജിത, ശുതിത്വ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ്കുമാര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബി. അനില്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് എസ്.ശ്രീകുമാര്‍, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, ഹരിത കേരളം മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.