ഏനാത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

post

പത്തനംതിട്ട : സ്മാര്‍ട്ടാകേണ്ടത് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ മാത്രമല്ല അവിടുത്തെ ഉദ്യോഗസ്ഥര്‍ കൂടിയാണെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഏനാത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സൗകര്യങ്ങളോടും കൂടിയ  ഓഫീസിലിരുന്നു സംതൃപ്തമായ മനസോടെ ജീവനക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളെക്കൂടി സംതൃപ്തരാക്കാന്‍ കഴിയും എന്ന വിശ്വാസമാണു സര്‍ക്കാരിനുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ യഥാവിധി യഥാസമയം പരിഹരിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. ആ നയം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം എല്ലാ നിലയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജനസൗഹൃദപരമായ സമീപനം സ്വീകരിക്കണം. ജനങ്ങള്‍ക്കു സേവനം നല്‍കാനുള്ള ബാധ്യത ഉണ്ടെന്ന പൂര്‍ണ്ണബോധ്യത്തോടെ വേണം വില്ലേജുകളിലെ ജീവനക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. ഈ പ്രവര്‍ത്തികളുടെ അടിസ്ഥാനത്തിലാകും ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുക.

കേരളത്തിലെ 1664 വില്ലേജുകളില്‍ 270 സ്ഥലങ്ങളില്‍ ചുറ്റുമതിലും 230 സ്ഥലങ്ങളില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുകയും മറ്റു 230 കെട്ടിടങ്ങളില്‍ ഒരു അധിക മുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി 700ല്‍ പരം ഓഫീസുകള്‍ നന്നാക്കിയെടുക്കാന്‍ ഈ സര്‍ക്കാരിനു സാധിച്ചു. കൂടാതെ 146 സ്മാര്‍ട്ട് വില്ലേജുകള്‍ നേരത്തെയും റീബില്‍ഡ് കേരള പദ്ധതിയിലൂടെ 70 പുതിയ വില്ലേജ് ഓഫീസുകള്‍ക്കുമുള്ള നടപടികള്‍ സ്വീകരിച്ചു. അതില്‍ ഏനാത്ത് ഉള്‍പ്പെടെ പൂര്‍ത്തീകരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി പഴയ മാര്‍ക്കറ്റ് ജംഗ്ഷനു സമീപമാണു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്.