35 സ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്കും

post

ഇടുക്കി : പൊതുജനങ്ങള്‍ക്കുള്ള കൊവിഡ്19 വാക്‌സിനേഷന്‍ ജില്ലയില്‍ 35 സ്ഥാപനങ്ങളില്‍ ആരംഭിച്ചു.  26 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9 സ്വകാര്യ സ്ഥാപനങ്ങളിലും വാക്‌സിനേഷനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഇപ്പോള്‍ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി മുന്‍കൂട്ടി രജിസ്‌ട്രേഷന്‍

നടത്തണം. www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് register yourself എന്ന link തിരഞ്ഞെടുക്കുക. തുറന്ന് വരുന്ന വിന്‍ഡോയില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന OTP വഴി  രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളും വ്യക്തിഗത വിവരങ്ങളും നല്‍കുക. തുടര്‍ന്ന് വാക്‌സിനേഷന്‍ കേന്ദ്രവും, തീയതിയും, സമയവും തിരഞ്ഞെടുക്കുക.

സ്‌പോട്ട്  രജിസ്‌ട്രേഷന്‍ സൗകര്യം അതാത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വിളിച്ച് അന്വേഷിച്ച് ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രം പോകേണ്ടതാണ്.

സ്‌പോട്ട്  രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ എടുക്കുന്നതിനായി പോകുമ്പോള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ ( ആധാര്‍) കയ്യില്‍ കരുതേണ്ടതാണ്.

രോഗബാധിതരായ 45 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ വാക്‌സിന്‍ എടുക്കാന്‍ എത്തുമ്പോള്‍ നിശ്ചിത മാത്യകയില്‍ ഉള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ 1800 4255 640 നമ്പറില്‍ ബന്ധപ്പെടുക