ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം: ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

post

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ  പേരില്‍ ആശ്രാമത്ത് സ്ഥാപിച്ച  സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് ഓണ്‍ലൈനായി നിര്‍വഹിച്ചു. കലാകാരന്മാരുടെ ഇഷ്ടത്തിനനുസരിച്ച് സാംസ്‌കാരിക സമുച്ചയങ്ങള്‍ ഉയരണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സാംസ്‌കാരികരംഗത്ത് ചൈതന്യ കാലഘട്ടമാണെന്ന് അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സാംസ്‌കാരിക അധ:പതനത്തിനെതിരെ ആദ്യമായി ആചാരലംഘനം നടത്തിയ മഹാനുഭാവനായിരുന്നു  ഗുരുദേവനെന്ന് മുഖ്യാതിഥിയായ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വിവിധ ദേശങ്ങളില്‍ അന്യം നിന്നുപോകുന്ന കലകളുടെ അവതരണത്തിനും പഠനത്തിനും ഇത്തരം സാംസ്‌കാരിക കേന്ദ്രങ്ങള്‍ അനിവാര്യമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.

കെ എസ് എഫ് ഡി സി എം ഡി എന്‍  മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം മുകേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജിത്ത് ബാലന്‍ എന്നിവര്‍ സംബന്ധിച്ചു. ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം ലഭ്യമായ  3.5  ഏക്കര്‍ ഭൂമിയില്‍ 6.1 കോടി രൂപ ചെലവ് ചെയ്താണ് സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുന്നത്.  91000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സമുച്ചയത്തില്‍ സംഗീതനാടക ശാലകള്‍, ബ്ലാക്ക് ബോക്സ് തിയേറ്റര്‍ സെമിനാര്‍ ഹാളുകള്‍, വില്‍പ്പനശാലകള്‍ തുടങ്ങിയവ ഉണ്ടാകും.