ജീവനിലേക്കുള്ള പ്രവര്‍ത്തനമായി ജീവനിയെ മാറ്റണം: വീണാ ജോര്‍ജ് എം.എല്‍.എ
 
                                                പത്തനംതിട്ട: ജീവനിലേക്കുള്ള ഏറ്റവും വലിയ പ്രവര്‍ത്തനമായി ജീവനിയെ മാറ്റണമെന്നു വീണാ ജോര്‍ജ് എം.എല്‍.എ. കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍.എ. 
ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള പരിശ്രമത്തിന്റെ തുടക്കമാണു ജീവനി പദ്ധതി. പ്രാദേശികമായി കൃഷിചെയ്ത വിഷരഹിത പച്ചക്കറി ഉപയോഗിക്കുകയും ഇതുവഴി ആരോഗ്യം പരിപാലിക്കുകയും ചെയ്യുക. പുതിയ പാലം പൂര്‍ത്തിയായശേഷം എം.എല്‍.എയുടെ ഫണ്ട് വഴി കോഴഞ്ചേരി ചന്തയുടെ വികസനം നടപ്പാക്കും. ചന്തയുടെ നവീകരണം സാധ്യമായാല്‍ കര്‍ഷകര്‍ക്കു ലാഭകരമായി കൃഷി ചെയ്യുവാനും സാധിക്കും. കര്‍ഷകരുടേയും ജനപ്രതിനിധികളുടേയും ജീവനക്കാരുടേയും സജീവ സഹകരണത്തോടെ നവംബറോടെ ആറന്മുള മണ്ഡലത്തെ സമ്പൂര്‍ണ്ണ തരിശ് രഹിതമാക്കാന്‍ സാധിക്കുമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
ചടങ്ങില്‍ പന്തളം പോലീസ് സ്റ്റേഷന്‍ വളപ്പിലേക്കുള്ള പച്ചക്കറി തൈ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു നിര്‍വഹിച്ചു. സ്‌കൂള്‍ വളപ്പിലെ പച്ചക്കറി കൃഷി തൈയുടെ വിതരണോദ്ഘാടനം കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ ആരോഗ്യ ബോധവത്കരണം നടത്തി. സംയോജിത മാതൃകാ കൃഷി ധനസഹായ വിതരണവും വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു.
വിഷവിമുക്ത പച്ചക്കറി സംസ്ഥാനമൊട്ടാകെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് 'ജീവനി' പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പരമ്പരാഗത പച്ചക്കറി വിത്തിനങ്ങള്‍ തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുക, എല്ലാ വീട്ടിലും കൃഷി പ്രോത്സാഹിപ്പിക്കുക, സാധ്യമായ പൊതു/സ്വകാര്യ സ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുക, കര്‍ഷകര്‍ക്കുളള പരിശീലനവും ബോധവത്ക്കരണവും സംഘടിപ്പിക്കുക തുടങ്ങിയവയിലൂടെ ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റത്തിനു വഴിയൊരുക്കുകയാണ് പദ്ധതി. പച്ചക്കറികളുടെ ഉല്‍പ്പാദനത്തോടൊപ്പം വിപണി സാധ്യത ഉറപ്പുവരുത്തുന്നതിനായി ഇക്കോഷോപ്പ്, എ ഗ്രേഡ് ക്ലസ്റ്റര്‍ എന്നിവ ശക്തിപ്പെടുത്തുകയും, നഗരപ്രദേശങ്ങളില്‍ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനോപാധികളുടെയും വിപണനകേന്ദ്രം തുടങ്ങുകയും ചെയ്യുന്നു. പദ്ധതിയിലൂടെ ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റിയിലെ ജനപ്രതിനിധികളുടെ വീടുകളിലും ജൈവരീതിയിലുളള പോഷകപ്രദര്‍ശനത്തോട്ടം നിര്‍മ്മിക്കും.










