വനംവകുപ്പില്‍ അഭിമാനകരമായ നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിച്ചു; വനംവകുപ്പ് മന്ത്രി കെ രാജു

post

മണത്തളം സ്റ്റാഫ് ബാരക്കിന്റെയും പേത്തൊട്ടി ഡോര്‍മെറ്ററിയുടെയും ഉദ്ഘാടനം നടത്തി

ഇടുക്കി : ഈ സര്‍ക്കാരിന്റെ കാലത്ത് വനംവകുപ്പിന് കീഴില്‍ അഭിമാനകരമായ പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് വനംവകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.നിര്‍മ്മാണം പൂര്‍ത്തീകരിച്ച മണത്തളം സ്റ്റാഫ് ബാരക്കിന്റെയും പേത്തൊട്ടി ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി. 10 പുതിയ ഫോറസ്റ്റ് സറ്റേഷനുകള്‍ അനുവദിച്ചു.ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്കായി 35 പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ നേട്ടം കൈവരിച്ചു. മുപ്പത് ശതമാനത്തോളം വനിതകള്‍ വനസേനയില്‍ ചേര്‍ക്കപ്പെട്ടു.ഇത്തരം സാഹചര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് അടിസ്ഥാന സൗകര്യ വികസനം വര്‍ധിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ വന വിസ്തൃതി വര്‍ധിപ്പിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.മനുഷ്യ വന്യജീവി സംഘര്‍ഷം കുറക്കാന്‍ സര്‍ക്കാര്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സോളാര്‍ ഫെന്‍സിംഗ് അടക്കം ഇതിനായി സ്ഥാപിച്ച് വരുന്നു.വന്യജീവിയാക്രമണം മൂലം കൃഷി നാശം സംഭവിച്ചാല്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ജീവഹാനി സംഭവിച്ചാലുളള നഷ്ടപരിഹാരത്തുക പത്ത് ലക്ഷമായി ഉയര്‍ത്തി. വനാതിര്‍ത്തിയില്‍ ഉള്ള 204 പഞ്ചായത്തുകളില്‍ ജനജാഗ്രതാ സമതികള്‍ രൂപീകരിച്ചു. ആദിവാസി വിഭാഗക്കാരായ 500 പേര്‍ക്ക് വനംവകുപ്പില്‍ സ്ഥിരനിയമനം നടത്തുവാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ശോഷിച്ച വനഭാഗങ്ങളെ വീണ്ടും വനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡോര്‍മിറ്ററിയിലായിരുന്നു  ഉദ്ഘാടന യോഗം.

ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.മണത്തളം സ്റ്റാഫ് ബാരക്കിന്റെ നിര്‍മ്മാണത്തിനായി പതിനൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപയും  പേത്തൊട്ടി ഡോര്‍മിറ്ററി നിര്‍മ്മാണത്തിനായി പതിനഞ്ച് ലക്ഷം രൂപയുമാണ് ചിലവഴിച്ചത്.സര്‍ക്കാരിന്റെ നൂറ് ദിവസ പദ്ധതികളുടെ ഭാഗമായിട്ടാണ് രണ്ട് കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മൂന്നാറിലെ ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, മൂന്നാര്‍ ഡി എഫ് ഒ പി ആര്‍ സുരേഷ്‌കുമാര്‍, വനംവകുപ്പുദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.