മണ്‍മറഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് തലശ്ശേരിയിലെ രാജ്യാന്തര ചലച്ചിത്ര മേള

post

കണ്ണൂര്‍: തലശ്ശേരിയില്‍ നടക്കുന്ന ഇരുപത്തിയഞ്ചാമത് ചലച്ചിത്ര മേളയില്‍ കഴിഞ്ഞ വര്‍ഷം  മണ്‍മറഞ്ഞ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ക്ക് ആദരമര്‍പ്പിച്ചു.  മേളയുടെ  വേദിയായ ലിബര്‍ട്ടി തിയേറ്റര്‍ കോംപ്ലക്‌സിലെ പ്രത്യേക വേദിയിലായി രുന്നു ചലച്ചിത്ര പ്രവര്‍ത്തകരെ  അനുസ്മരിച്ചത്. ദേശാടനത്തിലൂടെ മലയാളിയുടെ മനസ്സില്‍ മുത്തശ്ശനായി ചേക്കേറിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ദേശാടനത്തിന്റെ സംവിധായകന്‍ ജയരാജ് അനുസ്മരിച്ചു. ആദ്യ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഒരാളായിരുന്നു ഉണ്ണി കൃഷ്ണന്‍ നമ്പൂതിരി, അദ്ദേഹത്തെ പോലുള്ള ആളുകള്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്‍കുന്ന ആളാണെന്നും ജയരാജ് പറഞ്ഞു. സംഗീത സംവിധായകന്‍ ഐസക് തോമസ് കോട്ടുകപ്പള്ളിയെ സംവിധായകന്‍ സന്തോഷ് മണ്ടൂര്‍ അനുസ്മരിച്ചു. സംഗീത ലോകത്ത് ശബ്ദത്തെ മനോഹരമായി ഉപയോഗിച്ചിരുന്ന ആളായിരുന്നു ഐസക് തോമസ് എന്ന് അദ്ദേഹം അനുസ്മരിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി, അഭിനേതാവ് അനില്‍ നെടുമങ്ങാട്  രാജ്യാന്തര ചലച്ചിത്ര മേളകളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക്  സുപരിചിതരായ  കിം കി ഡുക്, ഫെര്‍ണാണ്ടസ് സൊളാനസ്, സൗമിത്ര ചാറ്റര്‍ജി ഓസ്‌ക്കാര്‍ ഇന്ത്യയിലേക്കെത്തിച്ച വസ്ത്രാലങ്കാരിക ഭാനു അത്തയ്യ എന്നിവരെയും മേളയില്‍ അനുസ്മരിച്ചു.

പരിപാടിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി സി അജോയ്,  ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മകന്‍ ഭവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അയ്യപ്പനും കോശിയും, ചാരുലത, അഗ്രഹാരത്തിലെ  കഴുത, കരി, മുള്‍ക്ക്, നാഗ്രിക്ക്,  കിസ, സൗത്ത്, സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ് എന്നീ ചിത്രങ്ങളാണ് മേളയില്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനുള്ളത്.