ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃക

post

പത്തനംതിട്ട: ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ ജനകീയ വിദ്യാഭ്യാസ ബോധവല്‍ക്ക രണത്തിലൂടെ രാജ്യത്തിന് മാതൃക സൃഷ്ടിക്കാന്‍ കേരളത്തിനു സാധിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയാനുള്ളതല്ല അതു മൂല്യമുള്ളതാണെന്ന ബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ 202 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനവും 50 വഴിയിടം ടേക് എ ബ്രേക് ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള വഴിയോര വിശ്രമകേന്ദ്രങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളംമിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷന്‍, അയ്യങ്കാളി തൊഴിലുറപ്പ് മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനമായാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു പുറമേ ഇപ്പോള്‍ 202 സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവി കൈവരിച്ചത്.

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്ത് നൂതന സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പാക്കാ നായതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാമുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.രേണുരാജ്, കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി ഡയറക്ടര്‍ പി.കേശവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.