ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അദാലത്തിലൂടെ പരിഹാരം: മന്ത്രി എ.സി മൊയ്തീന്‍

post

പത്തനംതിട്ട: ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ പരിഹാരം ലഭിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മൂന്നാമത്തെ സാന്ത്വന സ്പര്‍ശം അദാലത്തായ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളുടെ അദാലത്ത് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു കാലതാമസമില്ലാതെ നീതി ലഭ്യമാക്കുക എന്നത് സംസ്ഥാന സര്‍ക്കാര്‍ ആദ്യം മുതല്‍ സൂചിപ്പിച്ചിരുന്ന ഒന്നാണ്. അതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ പരാതി സെല്‍ പ്രവര്‍ത്തിച്ചു. ഓരോ വകുപ്പിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേകം സൗകര്യമുണ്ടാക്കി. ജില്ലാ കളക്ടര്‍മാര്‍ക്ക് താലൂക്ക് തലത്തില്‍ അദാലത്ത് നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഴിയൊരുക്കി. മൃഖ്യമന്ത്രിയുടെ പരാതി സെല്ലില്‍മാത്രം ലഭിച്ച അഞ്ചു ലക്ഷം പരാതികളില്‍ 80 ശതമാനത്തോളം തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിച്ചുവെന്നതും ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്. എന്നാലും ചില പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട് എന്നത് മനസിലാക്കിയാണ് ഇത്തരത്തില്‍ അദാലത്ത് സംഘടിപ്പിച്ചതും മന്ത്രിമാരെ ചുമതലപ്പെടുത്തിയതും. പത്തനംതിട്ടയില്‍ 15, 16 തീയതികളിലായി രണ്ട് അദാലത്തുകള്‍ പൂര്‍ത്തീകരിച്ചു. ഈ അദാലത്തുകളിലായി 4600 അപേക്ഷകള്‍ ഇതുവരെ തീര്‍പ്പാക്കി. ചട്ടങ്ങളും നിയമങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങള്‍ വേണ്ട ചിലതുമാത്രമാണ് മാറ്റിവച്ചിട്ടുള്ളത്. പരിമിതമായ സമയത്തിനുള്ളില്‍ ആളുകളെ കേള്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാ കൗണ്ടറുകളിലും ഉദ്യോഗസ്ഥന്മാരുടെ സേവനം ലഭ്യമാണ്. ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ച് അറിയിപ്പ് ഓരോ അപേക്ഷകനിലുമെത്തുമെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ നാട് അഭിമാനകരമായ നേട്ടങ്ങളിലൂടെയാണ് ഈ അഞ്ചു വര്‍ഷം കടന്നുപോയത്. അടിസ്ഥാന വികസനകാര്യത്തില്‍ മുന്നിലാണ് നാം. തിരുവല്ല ബൈപാസ്, കിഫ്ബി സഹായത്തോടെയുള്ള താലൂക്ക് ആശുപത്രി വികസനം, ലൈഫില്‍ വീട് ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തേക്കുളള ഇന്‍ഷുറന്‍സ് എന്നിവ സര്‍ക്കാര്‍ നടപ്പിലാക്കി. അതിന്റെ മുഴുവന്‍ തുകയും സര്‍ക്കാര്‍ തന്നെയാണ് അടക്കുക. വീട് നല്‍കുന്നതോടൊപ്പം അതിന്റെ സുരക്ഷിതത്വവും ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.          

പൊതുജനങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷിക്കാനുള്ള കാലാവധി സെപ്റ്റംബര്‍ മാസത്തില്‍ അവസാനിച്ചിരുന്നു. അദാലത്തുകളില്‍ വീടുകള്‍ക്കായുള്ള പരാതികള്‍ ലഭിച്ചതിനുസരിച്ച് ഈ മാസം 20 വരെ അപേക്ഷിക്കാനുള്ള കാലാവധി നീട്ടിയിരിക്കുകയാണ്. ലൈഫ് മിഷന്‍ വീടുകള്‍ക്കായി 1500 കോടി രൂപ സര്‍ക്കാര്‍ വായ്പ എടുത്തിരിക്കുകയാണ്. സേവനം ആവശ്യമുള്ള എല്ലാ മേഖലയിലും സര്‍ക്കാരിന്റെ മുതല്‍ക്കൂട്ട് ഉണ്ട്. നീതി ലഭ്യമാക്കുന്നതു വൈകാതെയാകണം എന്നതാണ് തീരുമാനം. എങ്ങനെയാണ് പരാതികള്‍ വേഗത്തില്‍ പരിഹരിക്കുക എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ അദാലത്ത്. ഉദ്യോഗസ്ഥര്‍ക്ക് സാന്ത്വന സ്പര്‍ശം അദാലത്ത് ഒരു മുല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.