ജില്ലയിലെ ആദ്യത്തെ നഗര കുടുംബാരോഗ്യ കേന്ദ്രം തിരുവല്ലയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

പത്തനംതിട്ട : ജില്ലയിലെ ആദ്യത്തെ നഗര കുടുംബാരോഗ്യ കേന്ദ്രം തിരുവല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ്. നന്ദിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ജോര്‍ജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറമാറ്റ്, കൗണ്‍സിലര്‍മാര്‍, തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അജയ് മോഹന്‍, രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെയാണ് നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തി സമയം. രണ്ടു ഡോക്ടര്‍മാര്‍, മൂന്ന് സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, അഞ്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവര്‍ നഗര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടാകും. ദേശീയ ഗുണമേന്മാ നിലവാരത്തിലാണ് ആരോഗ്യ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്.

ശ്വാസ്  ആശ്വാസ് ക്ലിനിക്കുകള്‍, രോഗീ സൗഹൃദ സംവിധാനങ്ങള്‍, ആധുനിക ക്ലിനിക്കല്‍ ലബോറട്ടറി, ശിശു സൗഹൃദ പ്രതിരോധ കുത്തിവയ്പ്പു മുറി എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

ഇതോടൊപ്പം കവിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും കടമ്മനിട്ട പ്രാഥമികാരോഗ്യ കേന്ദ്രവും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. രണ്ടു കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കവിയൂരില്‍  മാത്യു. ടി. തോമസ് എംഎല്‍എയും, കടമ്മനിട്ടയില്‍ വീണാ ജോര്‍ജ് എംഎല്‍എയും അധ്യക്ഷത വഹിച്ചു.