തോട്ടം പ്രതിസന്ധി പരിഹരിക്കുന്നതിന് തൊഴിലാളികളുടെയും ഉടമകളുടേയും സഹകരണം അനിവാര്യം

post

കൊച്ചി: തോട്ടം മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് തൊഴിലാളികളുടെയും തോട്ടം ഉടമകളുടേയും സഹകരണവും കൂട്ടായ്മയും അനിവാര്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തോട്ടം നയത്തിനു മുന്നോടിയായി പുറത്തിറക്കിയ കരട് പ്ലാന്റേഷന്‍ നയം സംബന്ധിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോട്ടം മേഖലയുടെ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനു സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ് സമഗ്രമായ പ്ലാന്റേഷന്‍ നയം ആവിഷ്‌കരിക്കാനുള്ള തീരുമാനം. മേഖലയുടെ സമഗ്ര പുരോഗതിക്ക് തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. തോട്ടങ്ങളുടെ തനിമ നഷ്ടപ്പെടാതെ വൈവിധ്യവത്കരണത്തിന്റെ മാര്‍ഗങ്ങള്‍ ആരായാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നയം വഴി ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിളകളുടെ വിലത്തകര്‍ച്ച രൂക്ഷമാണെങ്കിലും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയാണ് നല്‍കേണ്ടിവരുന്നത്. ഇതിനു പരിഹാരമായി വിളകള്‍ സംഭരിക്കുകയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയും വേണം. ഉത്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിപണി കണ്ടെത്തല്‍ എന്നിവക്കുള്ള നിര്‍ദേശങ്ങള്‍ കരട് നയം മുന്നോട്ടുവയ്ക്കുന്നുണ്ട്. തോട്ടവിളകളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിനായി വ്യവസായ വകുപ്പിനു കീഴില്‍ നിലവിലുള്ള ക്ലസ്റ്റര്‍ പദ്ധതികള്‍ തോട്ടം വിളകള്‍ക്കും നടപ്പിലാക്കാന്‍ കഴിയും. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ബ്രാന്റഡ് കോഫിയുടെ ചുവടുപിടിച്ച് തേയില ഉല്‍പാദന, സംഭരണ, വിതരണ മേഖലകളില്‍ ഇടപെടാനും നയം ലക്ഷ്യം വെക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ പ്രധാന സ്ഥാനമുണ്ടായിരുന്ന തോട്ടം മേഖല പടിപടിയായി നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചയ്ക്ക് കാരണം കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക നയമാണ്. അനിയന്ത്രിതമായ ഇറക്കുമതിയാണ് ഗുരുതരമായ പ്രഹരം.  ഇറക്കുമതിയെ തുടര്‍ന്നുള്ള വിലത്തകര്‍ച്ചയ്‌ക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ച ഈ പ്രശ്‌നങ്ങള്‍ മൂന്നു ലക്ഷത്തിലേറെ വരുന്ന തോട്ടംതൊഴിലാളികളുടെ ജീവിതത്തെയും സാരമായി ബാധിച്ചിരിക്കുന്നു. സംസ്ഥാനത്ത് 13 തോട്ടങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യങ്ങളെ മറികടക്കാനുള്ള ചുവടുവെയ്പ്പാണ് തോട്ടം നയം. 

തോട്ടം വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനും ഉല്‍പന്നങ്ങളുടെ സംസ്‌കരണത്തിനും സംഭരണത്തിനും വിപണനത്തിനും സാധ്യമായ നടപടികള്‍  സ്വീകരിക്കേണ്ടതുണ്ട്. നിലവിലുള്ള ലേല സമ്പ്രദായത്തില്‍ മാറ്റം വരുത്തി തോട്ടവിളകള്‍ക്ക് ന്യായമായ വില നിശ്ചയിച്ച് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളുമായി ആശയവിനിമയം നടത്തി നടപടി സ്വീകരിക്കും. 

പശ്ചിമഘട്ട മേഖലയിലെ ജലം, മണ്ണ്, വായു എന്നിവ സംരക്ഷിക്കല്‍, തോട്ടവിളകളുടെ വികസനത്തിനായി കോഓര്‍ഡിനേഷന്‍ സമിതി,  സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളെയും ഉള്‍പ്പെടുത്തി ഡേറ്റാ ബാങ്ക്, വ്യവസായ സംരംഭങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്ക് കൂടി ലഭ്യമാക്കല്‍, എല്ലാ തോട്ടവിളകള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ, തോട്ടങ്ങളുടെ പാട്ടക്കരാര്‍ സമയ ബന്ധിതമായി പുതുക്കല്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള  24 തോട്ടങ്ങള്‍ ലാഭകരമായി നടത്താനുള്ള കര്‍മ്മപദ്ധതി തുടങ്ങിയവ നയം മുന്നോട്ടുവെക്കുന്നു. 

പൊതുസ്വകാര്യ മേഖലകളിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവെന്ന നിലവില്‍ തോട്ടം മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലേയ്ക്കായി തൊഴിലാളികള്‍ക്കായി നൈപുണ്യ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികള്‍ തോട്ടം മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണിക്കും. എല്ലാ തോട്ടങ്ങളെയും ഉള്‍പ്പെടുത്തി ഡേറ്റാ ബാങ്ക് രൂപീകരിക്കും. വ്യവസായ സംരംഭങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്ക് കൂടി ലഭ്യമാക്കുന്നതിന് വ്യവസായ വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. എല്ലാ തോട്ടവിളകള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

തോട്ടങ്ങളുടെ അടിസ്ഥാനഘടനയില്‍ ഒരു മാറ്റവും വരാത്തവിധം ടൂറിസംപരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഫാം ടൂറിസം പദ്ധതി ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്ലാന്റേഷന്‍ നയം കേരളത്തിന്റെ തോട്ടം മേഖലയ്ക്കു പുതുജീവന്‍ നല്‍കുമെന്ന് ഉറപ്പാണ്. പ്രതിസന്ധികള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കാതെ തോട്ടം മേഖലയെ അഭിവൃദ്ധിപ്പെടുത്തി തൊഴിലും വ്യവസായവും സംരക്ഷിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തോട്ടം പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നു. പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കുകയും തോട്ടം മേഖലയില്‍ നിന്ന് കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു. റബ്ബര്‍ മരം മുറിച്ചു മാറ്റുമ്പോള്‍ 2500 രൂപ വീതം സീനിയറേജായി ഈടാക്കിയിരുന്നത് ഒഴിവാക്കി. തോട്ടം തൊഴിലാളി ലയങ്ങളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലൈഫ് ഭവനപദ്ധതിയുടെ മാര്‍ഗരേഖകള്‍ക്ക് വിധേയമായി, തൊഴിലാളികള്‍ക്ക് ആവശ്യമായ വാസഗൃഹങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ഭവനം ഫൗണ്ടേഷന്റെ സഹകരണത്തോടെ തൊഴില്‍ വകുപ്പ് നടത്തിയ സര്‍വെയില്‍ 32,454 തൊഴിലാളികള്‍ക്ക് വീടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിരമിച്ച തൊഴിലാളികളില്‍ 53,48 പേര്‍ക്ക് സ്വന്തമായി വീടില്ല. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി എല്ലാ തൊഴിലാളികള്‍ക്കും വീട് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ഇടുക്കി ജില്ലയില്‍ കുറ്റിയാര്‍വാലിയില്‍ ഭവന പദ്ധതി പ്രകാരം അഞ്ച് വീടുകള്‍ നല്‍കിക്കഴിഞ്ഞു. അവിടെ ഭവന പദ്ധതി പുരോഗമിക്കുകയാണ്. സ്ഥലവും വീടും ഇല്ലാത്ത തൊഴിലാളികള്‍ക്ക് ഭവനപദ്ധതി നടപ്പാക്കുന്നതിന് ദേവികുളം താലൂക്കിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍ അഞ്ച് ഏക്കര്‍ 49 സെന്റ് റവന്യൂ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വയനാട് ജില്ലയില്‍ തോട്ടം തൊഴിലാളികള്‍ക്ക് കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് വിനിയോഗിച്ച് 100 വീടുകള്‍ നിര്‍മിക്കും. ഇതിനുപുറമെ വയനാട്ടിലും പീരുമേട്ടിലും ഭവന പദ്ധതിക്കായി ഭൂമി കണ്ടെത്താനുള്ള നടപടി സ്വീകരിച്ചുവരുന്നു. പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സിനു കീഴിലുള്ള തൊഴിലാളികള്‍ക്ക് ഭവനം ഫൗണ്ടേഷന്റെ ഓണ്‍ യുവര്‍ ഓണ്‍ ഹൗസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തോട്ടം തൊഴിലാളികളുടെ വേതനത്തില്‍ 2019 ജനുവരി മുതല്‍ മുന്‍കാലപ്രാബല്യത്തോടെ പ്രതിദിനം 52 രൂപ വീതം വര്‍ധനവ് വരുത്തിയിട്ടുണ്ട്. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ശക്തിപ്പെടുത്തി തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളില്‍ പുതുക്കി നിശ്ചയിക്കാന്‍  നടപടി സ്വീകരിക്കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്ലാന്റേഷന്‍  വര്‍ക്കേഴ്‌സ് റിലീഫ് ഫണ്ട് കമ്മറ്റി മുഖേന നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികള്‍ അപകടത്തിനിരയായാല്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കും. പൂര്‍ണമായ അംഗവൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും  ഭാഗിക അംഗവൈകല്യം നേരിട്ടാല്‍ കുറഞ്ഞത് 50,000 രൂപയും സഹായം നല്‍കും. മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ധനസഹായം പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റവന്യൂ, വനം, തൊഴില്‍, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം, നികുതി, വൈദ്യുതി, കാര്‍ഷികം എന്നീ വകുപ്പുകളുമായി സഹകരിച്ച് തോട്ടം മേഖലയുടെ ശാക്തീകരണത്തിന് നടപടി സ്വീകരിക്കും. ഇവയുടെ ഏകോപനത്തിനായി തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപികരിക്കും. വിവിധ തോട്ടവിളകളുടെ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ടീബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവയുടെ പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും തൊഴിലാളി തൊഴിലുടമാ പ്രതിനിധികളും ഉള്‍പ്പെട്ട കോഓര്‍ഡിനേഷന്‍ സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.