കാത്തിരിപ്പിന് സാഭല്യം; സ്വന്തം മണ്ണിന് അവര്‍ അവകാശികളായി

post

ഇടുക്കി: കാത്തിരിപ്പിന് വിരാമമിട്ട് ഏഴാമത് പട്ടയമേള നെടുങ്കണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വലിയ മുന്‍ഗണനയാണ് പട്ടയം നല്‍കുന്നതില്‍ കാണിച്ചത്.  രണ്ടു ലക്ഷത്തോളം പേര്‍ക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ട്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. എന്നാലിതില്‍ സര്‍ക്കാര്‍ തൃപ്തരല്ലെന്നും ഇനിയും തുടര്‍ന്ന് പട്ടയം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പട്ടയമേളയ്ക്ക് അധ്യക്ഷത വഹിച്ചു റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാലങ്ങളായി ഭൂമിയുടെ ഉടമസ്താവകാശം നിഷേധിക്കപ്പെട്ട ആളുകള്‍ക്ക് പട്ടയം നല്‍കുന്നതിന് മുന്‍ഗണന നല്‍കി. ഇതിനു വേണ്ടി പ്രയന്തിച്ച എല്ലാ ഉദ്യോഗസ്ഥരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രാദേശികമായി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് പട്ടയങ്ങള്‍ നല്‍കി.  ഉടുമ്പഞ്ചോല താലൂക്കില്‍ നിന്നും ലക്ഷം വീട് പദ്ധതി പ്രകാരം അനുവദിച്ച പട്ടയം രാജന്‍ മന്ത്രിയില്‍ നിന്നും ഏറ്റു വാങ്ങി.

ഇടുക്കിയില്‍ ഇതുവരെ 35095 പേര്‍ക്കാണ് പട്ടയം നല്‍കിയത്.  6008 പട്ടയത്തിന്റെ നടപടികള്‍ പൂര്‍ത്തിയായി. അതില്‍ നിന്ന്  3275 പേര്‍ക്കാണ് നെടുങ്കണ്ടത്ത് വെച്ച് പട്ടയം നല്‍കിയത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, സബ് കളക്ടര്‍ പ്രേം കൃഷ്ണ, ആര്‍ഡിഒ അനില്‍ ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ 1971 മുന്‍പ് കുടിയേറ്റത്തിന് വിധേയമായതും ആദിവാസി സെറ്റില്‍മെന്റ് പട്ടികവര്‍ഗ്ഗ പട്ടികജാതി വിഭാഗക്കാരുടെ ഉള്‍പ്പെടെയുള്ള കൈവശഭൂമിക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തില്‍ ജില്ലാ ഭരണകൂടവും  സര്‍ക്കാരും പ്രത്യേക പരിഗണന നല്‍കിയിരുന്നു.

തൊടുപുഴ ഇടുക്കി താലൂക്കുകളില്‍ ഉള്‍പ്പെടുന്ന ഇരുപത്തയ്യായിരത്തില്‍പരം കൈവശക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പട്ടയം അനുവദിക്കുന്ന നടപടികള്‍ പുരോഗമിച്ചു വരുന്നു.

ജില്ലയിലെ വിവിധ കോളനികളില്‍ താമസിക്കുന്നവരുടെ ഭൂമിക്ക് പട്ടയം നല്‍കുന്നതിന് ജില്ലാഭരണകൂടം പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. കൊലുമ്പന്‍ കോളനി ചെന്നിനായ്ക്കന്‍ കുടി തുടങ്ങി ജില്ലയിലെ നിരവധി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള കോളനികളില്‍ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നത് ജില്ലയ്ക്ക് അഭിമാനമായി  നേട്ടമാണ്.  

കാലങ്ങളായി പട്ടയം ലഭിക്കാതിരുന്ന കട്ടപ്പന വില്ലേജിലെ വട്ടുക്കുന്നേല്‍പടി പഞ്ചായത്ത് കോളനിയിലെ കൈവശക്കാര്‍ക്കും ഈ മേളയില്‍ പട്ടയം നല്‍കി. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ 7 ചെയ്ന്‍ മേഖലകളിലെ പതിവ് നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.  3 ചെയ്ന്‍ മേഖലകളിലെ കൈവശക്കാര്‍ക്ക് കൂടി പട്ടയം അനുവദിക്കുന്നത്   സര്‍ക്കാരിന്റെ പരിഗണനയിലാണ്. വിതരണം ചെയ്യുന്ന പട്ടയത്തിനൊപ്പം വസ്തുവിന്റെ അസ്സല്‍ സ്‌കെച്ച് കൂടി ഭൂവുടമകള്‍ക്ക് നല്‍കും.

1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ 2450, 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ 539,  എല്‍ ടി ക്രയസര്‍ട്ടിഫിക്കറ്റ് 33,  മുനിസിപ്പല്‍ ഭൂമി പതിവ് ചട്ടങ്ങള്‍ 4,  വനാവകാശ രേഖ  200, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരം 90 എന്നിങ്ങനെ 3275 പട്ടയങ്ങളാണ് നെടുങ്കണ്ടത്ത് വിതരണം ചെയ്തത്.

പട്ടയ വിതരണ ഓഫീസ്, എണ്ണം എന്നീ ക്രമത്തില്‍

മുരിക്കശ്ശേരി എല്‍എ 135

 രാജകുമാരി എല്‍എ 70

നെടുങ്കണ്ടം എല്‍എ 182

കട്ടപ്പനയി  എല്‍എ 221

പീരുമേട് എല്‍എ 5

കരിമണ്ണൂര്‍ എല്‍എ 712

ഇടുക്കി എല്‍എ 186

ഇടുക്കി താലൂക്ക് 1006

തൊടുപുഴ താലൂക്ക് 104

 ദേവികുളം താലൂക്ക് 258

ഉടുമ്പന്‍ചോല താലൂക്ക് 73

പീരുമേട് താലൂക്ക് 33.

ആകെ - 3275.