കൊടുമണ്‍ വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ട് വില്ലേജ് ഓഫീസാകും: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

post

പത്തനംതിട്ട :  കൊടുമണ്‍  വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ട് വില്ലേജ് ഓഫീസാകുമെന്ന്  ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം സര്‍ക്കാരിന്റെ നൂറ് ദിനകര്‍മ്മ പദ്ധതിയില്‍; റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം ആരംഭിച്ചത്.  കൊടുമണ്‍ പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ശിലാ ഫലകം അനാച്ഛാദനം നിര്‍വഹിച്ചു. സംസ്ഥാനത്തെ 1664 വില്ലേജുകളില്‍ 1400 എണ്ണവും ഇപ്പോള്‍ സ്മാര്‍ട്ട് വില്ലേജായി ഉയര്‍ത്തിയിട്ടുണ്ട്. അടൂര്‍ മണ്ഡലത്തിലെ തുമ്പമണ്‍, ഏനാത്ത് പന്തളം, കുരമ്പാല എന്നീ വില്ലേജ് ഓഫീസുകള്‍ നേരത്തെ തന്നെ സ്മാര്‍ട്ട് വില്ലേജുകളാക്കി  ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍  കൊടുമണ്‍, അങ്ങാടിക്കല്‍, കടമ്പനാട്,  പള്ളിക്കല്‍ വില്ലേജുകളും സ്മാര്‍ട്ട് വില്ലേജുകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതോടെ അടൂര്‍ മണ്ഡലത്തിലെ ഏഴംകുളം, ഏറത്ത് എന്നീ പഞ്ചായത്തുകള്‍ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളും  സ്മാര്‍ട്ട് ആയി മാറിയിരിക്കുകയാണ്. കൊടുമണ്‍ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീനപ്രഭ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ ധന്യ,  ഡിഒഎസ് ഹരികുമാര്‍, തഹസില്‍ദാര്‍ സന്തോഷ് കുമാര്‍,  പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതീദേവി, സി പ്രകാശ്, പഞ്ചായത്ത് മെമ്പര്‍മാരായ അജികുമാര്‍, അഞ്ജന, പുഷ്പലത, എ.ജി ശ്രീകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ വിജയന്‍നായര്‍, വില്ലേജ് ഓഫീസര്‍ ശ്രീലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓരോ വില്ലേജ് ഓഫീസിനെയും സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നത് എല്ലാ ജനങ്ങള്‍ ഒരുപാട് പ്രയോജനപ്രദമാണന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.  സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസര്‍ക്കും ജീവനകാര്‍ക്കും പ്രത്യേകം ക്യാബിനുകള്‍, സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍, സന്ദര്‍ശകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍,  തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്.