ഭരണഭാഷാ വാരാചരണം: കവിതാലാപനത്തില്‍ ധന്യ മുകുന്ദന് ഒന്നാം സ്ഥാനം
 
                                                കാക്കനാട്: ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ കവിതാലാപന മത്സരത്തില്‍ ജില്ലാ ലേബര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ധന്യ മുകുന്ദന് ഒന്നാം സ്ഥാനം നേടി. കെ. ജി.ശങ്കരപ്പിള്ളയുടെ 'മണല്‍ കാലം' എന്ന കവിതയാണ് ധന്യ ചൊല്ലിയത്. യൂസഫലി കേച്ചേരിയുടെ 'വേദം' എന്ന കവിത ചൊല്ലിയ നാഷണല്‍ ഹൈവേ ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ ക്ലര്‍ക്ക് കാവ്യ എസ്. മേനോന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 'എന്റെ മുറ്റം' എന്ന സ്വന്തം കവിതയുമായി വേദിയിലെത്തിയ ഭക്ഷ്യ സുരക്ഷ വകുപ്പ് കാക്കനാട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് കേശവന്‍ നമ്പൂതിരിക്കാണ് മൂന്നാം സ്ഥാനം. രണ്ടു പേര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്.
ജില്ലയിലെ വിവിധ ഓഫീസുകളിലെ 21 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ആകാശവാണി കൊച്ചി എഫ്.എം.ലെ അവതാരകരായ ശ്രീയുക്ത വര്‍മ, ടി. പി. വിവേക് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഥ - കവിതാ രചനാ മത്സരങ്ങളും നടത്തിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാരാചരണം നവംബര്‍ ഏഴിന് സമാപിക്കും










