ജില്ലയില്‍ ഇന്ന് 170,700 കുട്ടികള്‍ക്ക് പള്‍സ് പോളിയോ വാക്സിന്‍ നല്‍കും

post

കൊല്ലം: 2021 ലെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന് (ജനുവരി 31) നടക്കും. ജില്ലയില്‍ അഞ്ചു വയസിന് താഴെയുള്ള 170,700 കുട്ടികള്‍ക്ക് പരിപാടിയുടെ ഭാഗമായി ഒരു ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കും. രാവിലെ എട്ടിന് കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടക്കുന്ന ലളിതമായ ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ആശുപത്രി സൂപ്രണ്ടും ആര്‍ സി എച്ച് ഓഫീസറുമായ ഡോ വി കൃഷ്ണവേണി, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ സി ആര്‍ ജയശങ്കര്‍, ഡോ ജെ മണികണ്ഠന്‍, ഡോ ആര്‍ സന്ധ്യ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, എം സി എച്ച് ഓഫീസര്‍ വസന്തകുമാരി, ഡി പി എച്ച് എന്‍ ലതികാമണി തുടങ്ങിയവര്‍ പങ്കെടുക്കും.

1995 മുതല്‍ നടത്തപ്പെടുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഫലമായി 2014 മാര്‍ച്ച് 27 ന് ഭാരതം പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലോകത്ത് ഇന്നും പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്ന് രാജ്യങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ഒഴിച്ചുള്ളവ നമ്മുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ് എന്നതിനാല്‍, നാം കൈവരിച്ച നേട്ടം നിലനിര്‍ത്തുന്നതിനും പോളിയോ രോഗത്തെ ലോകത്ത് നിന്നും തന്നെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനും ഏതാനും വര്‍ഷങ്ങള്‍ കൂടി ഈ പ്രതിരോധ യജ്ഞം തുടരും.

2011 ലാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ 2000 ലും. ഉയര്‍ന്ന ജനസാന്ദ്രത, നഗര ചേരി പ്രദേശങ്ങളുടെയും നാടോടി വിഭാഗങ്ങളുടെയും സാന്നിധ്യം,  കുടിയേറ്റങ്ങള്‍ മുതലായവ കേരളത്തിന്റെ പോളിയോ അപകട സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഈ വര്‍ഷം ജില്ലയിലെ അഞ്ചു  വയസില്‍ താഴെയുള്ള 170,700 കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ ദിനത്തില്‍ പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായി ജില്ലയില്‍ ആകെ 1387 പള്‍സ് പോളിയോ ബൂത്തുകളും സജ്ജീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, സബ് സെന്ററുകള്‍ എന്നിവിടങ്ങളിലാണ് പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍, എയര്‍പോര്‍ട്ട് എന്നിങ്ങനെ ആളുകള്‍ വന്നുപോയികൊണ്ടിരിക്കുന്ന 30 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കും. ആളുകള്‍ക്ക് വന്നെത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും  കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി 20 മൊബൈല്‍ ടീമുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ബൂത്തുകളുടെ പ്രവര്‍ത്തനം

ബൂത്തുകളില്‍ സേവനം അനുഷ്ഠിക്കുന്നതിനായി പ്രത്യേക പരിശീലനം നല്‍കിയ ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എന്‍ സി സി വോളന്റിയര്‍മാര്‍ തുടങ്ങിയവരെ നിയോഗിച്ചിട്ടുണ്ട്. തുള്ളിമരുന്ന് നല്‍കിയതിന് ശേഷം കുട്ടികളുടെ ഇടതുകൈയിലെ ചെറുവിരലില്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ച് അടയാളപ്പെടുത്തും. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ തുള്ളിമരുന്ന്, പ്രചരണസാമഗ്രികള്‍ എന്നിവ വിതരണം ചെയ്തിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ ജനുവരി 31 ന് പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുകയും വോളന്റിയര്‍മാര്‍ അവരുടെ വീടുകളില്‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.